ആശ്വാസകിരണം പെൻഷൻ യഥാസമയം നൽകണം: മനുഷ്യാവകാശ കമ്മിഷൻ

Thursday 09 May 2024 1:11 AM IST

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസകിരണം പദ്ധതി വഴി സർക്കാർ നൽകുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പെൻഷൻ യഥാസമയം നൽകാത്തത് ഖേദകരമാണെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. അംഗപരിമിതനും നിത്യരോഗിയുമായ കുന്നത്തുകാൽ നാറാണി സ്വദേശി കെ. ഗോപി തനിക്ക് 38 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം ജില്ലയിൽ 2021 ജൂലായ് വരെയുള്ള തുക മാത്രമാണ് നൽകിയിട്ടുള്ളത്. പരാതിക്കാരന് തുക ലഭിക്കാത്തത് സാങ്കേതിക പ്രശ്നമാണെന്നാണ് വകുപ്പിന്റെ വാദം. ഇക്കാര്യം പരിശോധിക്കണമെന്നും സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറോട് കമ്മിഷൻ ആവശ്യപ്പെട്ടു.

Advertisement
Advertisement