സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസർ
കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസിൽ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയ്ഞ്ച് ഓഫീസർ. സസ്‌പെൻഷനിലായ റെയ്ഞ്ച് ഓഫീസർ കെ നീതുവാണ് ആരോപണവുമായി രംഗത്തെത്തിയത്. വനം മേധാവിക്ക് ഇക്കാര്യം അറിയിച്ച് നീതു കത്ത് നൽകിയിട്ടുണ്ട്. സുഗന്ധഗിരി മരംമുറിയിലെ വീഴ്ചകൾ അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർക്കെതിരെയാണ് നീതു ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് വനം മേധാവിക്ക് നൽകിയ പരാതിയിൽ നീതു പറയുന്നത്.
കേസിൽ മേൽനോട്ട വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീതുവിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ അനധികൃത മരം മുറി തിരിച്ചറിഞ്ഞതും തൊണ്ടിമുതൽ കണ്ടെടുത്തതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും സ്വന്തം സംഘമെന്നാണ് നീതുവിന്റെ വിശദീകരണം.
അതേസമയം, സുഗന്ധഗിരി മരംമുറി കേസിൽ കൽപ്പറ്റ ഫ്ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ എം പി സജീവിനെ സ്ഥലം മാറ്റിയിരുന്നു. വടകര സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചിലേക്കാണ് സ്ഥലം മാറ്റം. വനം വകുപ്പ് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ എം പി സജീവൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നേരത്തെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയെങ്കിലും നടപടി മരവിപ്പിക്കുകയായിരുന്നു. കെ പി ജിൽജിത്താണ് പുതിയ ഫ്ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ. സൗത്ത് വയനാട് ഡി എഫ് ഒ എ സജിനയെയും അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉദ്യോഗസ്ഥർക്കെതിരെ തുടർച്ചയായി നടപടികൾ വരുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തിയിരുന്നു.