'പിണറായി വിജയാ എന്ന് വിളിച്ചാൽ കേൾക്കാൻ പറ്റുന്ന രാജ്യത്താണുള്ളത്'; ദൈവം പോലും വിശ്രമിക്കുന്നുണ്ടെന്ന് എകെ ബാലൻ

Friday 10 May 2024 11:00 AM IST

പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഒരു ലക്ഷത്തിനടുത്ത് ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടെന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. വിളിപ്പാടകലെയുള്ള രാജ്യത്തല്ലേ മുഖ്യമന്ത്രിയുള്ളതെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോഴത്തേത് സ്വകാര്യ സന്ദർശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സംശയമാണ് ആളുകൾക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണിതിൽ ഉള്ളത്. മുഖ്യമന്ത്രിക്ക് ഒരു ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് വിദേശയാത്ര നടത്താൻ പണം എവിടെന്നാണെന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. വിദേശയാത്രയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് പകരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതുണ്ടോ?', എകെ ബാലൻ ചോദിച്ചു.

'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം, ഒരു ദിവസത്തിൽ നാല് മണിക്കൂർ വച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു. അത്രയും താങ്ങാൻ പറ്റാത്തവിധം സ്‌ട്രെയിനെടുത്ത ഒരാളെ ഒന്ന് വിശ്രമിക്കാൻ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവം പോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്‌ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്. ബഹിരാകാശത്തേക്കൊന്നുമല്ല, ഒരു വിളിപ്പാടകലെയുള്ള രാജ്യമല്ലേ. പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലമാണത്. ഇത്രയും പറ‌ഞ്ഞിട്ടും മനസിലാകാത്തത് എന്തോ തകരാറാണ്.' - എകെ ബാലൻ പറഞ്ഞു.

കെ സുധാകരൻ പറഞ്ഞത്:

മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണം. ആരാണിത് സ്‌പോൺസർ ചെയ്യുന്നത്. സംസ്ഥാന സർക്കാരാണെങ്കിൽ അത് വ്യക്തമാക്കണം. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തിരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് മുങ്ങിയത്.

വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികൾക്ക് വേണ്ടിപോലും പ്രചാരണത്തിന് പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാർട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതുകൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

മന്ത്രിസഭായോഗം പോലും റദ്ദാക്കിയ മുഖ്യമന്ത്രി ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പിന്റെയെങ്കിലും ചുമതല ഏതെങ്കിലും മന്ത്രിക്ക് നൽകാനുള്ള വിവേകം കാട്ടണമായിരുന്നു.

Advertisement
Advertisement