നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ രണ്ട് ഗൺമാൻമാരെ രഹസ്യമായി ചോദ്യം ചെയ്‌തു

Friday 10 May 2024 12:06 PM IST

തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ വച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ രണ്ട് ഗൺമാൻമാരെ ചോദ്യം ചെയ്‌തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി‌വൈഎസ്‌പിയാണ് അനിൽ കുമാർ, സന്ദീപ് എന്നീ ഗൺമാൻമാരെ ചോദ്യം ചെയ്‌തത്. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഇരുവരെയും ചോദ്യം ചെയ്‌തത്. വിവരം ഇപ്പോഴാണ് പുറത്തുവന്നത്.

മുൻപ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഔദ്യോഗിക തിരക്ക് സൂചിപ്പിച്ച് ഹാജരായില്ല. തുടർന്ന് ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഇവരെ ചോദ്യംചെയ്‌തത്. മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കുന്നത് തങ്ങളുടെ ജോലിയാണ് എന്നും ആ കടമയാണ് ചെയ്ഡതത്. അതല്ലാതെ ഒന്നുമുണ്ടായിട്ടില്ലെന്നും ഇരുവരും ചോദ്യംചെയ്യലിൽ വ്യക്തമാക്കിയത്.

ഡിസംബർ 15നാണ് ആലപ്പുഴ ടൗണിൽവച്ച് യൂത്ത്‌കോൺഗ്രസ്-കെ‌എസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിനെതിരെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം ചേർന്ന് മർ‌ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷമാണ് തങ്ങളെ മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിലാളന പ്രതികൾക്കുണ്ടെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അന്ന് മർദ്ദനമേറ്റ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസും ആരോപിച്ചിരുന്നു.