ട്വന്റി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പടിയിറങ്ങുന്നു; പുതിയ കോച്ച് ഉടനെയെന്ന് ജയ്‌ ഷാ

Friday 10 May 2024 2:38 PM IST

മുംബയ്: ജൂൺ മാസത്തിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക പദവി ഒഴിയും. ദ്രാവിഡിന് കരാർ നീട്ടി നൽകിയേക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. പുതിയ കോച്ചിനായുള്ള പരസ്യം ഉടൻ നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ സൂചന നൽകി. 2021 നവംബറിലാണ് ദ്രാവിഡ് ഇന്ത്യയുടെ കോച്ചായി നിയമിതനായത്. 2023 ഏകദിന ലോകകപ്പ് വരെ കരാർ നീട്ടിയിരുന്നു. എന്നാൽ ടി20 ലോകകപ്പിന് ശേഷം അദ്ദേഹത്തിന്റെ കരാർ പുതുക്കില്ലെന്നാണ് വിവരം.

2023 നവംബറിൽ തനിക്കും ഒപ്പമുള്ള സപ്പോർട്ടിംഗ്സ്റ്റാഫിനും കരാർ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ് കത്ത് നൽകിയിരുന്നു. ദ്രാവിഡിന് കോച്ചായി തുടരണമെങ്കിൽ പുതുതായി അപേക്ഷ നൽകാമെന്ന് ജെയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. കോച്ച് സ്ഥാനത്തേക്ക് വിദേശ താരത്തെ പരിഗണിക്കുന്നത് അദ്ദേഹം തള്ളിയിട്ടില്ല. എന്നാൽ മറ്റ് ക്രിക്കറ്റ് ബോർഡുകളെപ്പോലെ ഓരോ ഫോർമാറ്റിനും വ്യത്യസ്‌ത കോച്ചുകളെ പരിഗണിക്കുന്നത് ബിസിസിഐ തള്ളിക്കളഞ്ഞിട്ടുണ്ട്.