മീനുകൾ 'മുങ്ങി'; ദുരിതക്കടലിൽ മത്സ്യത്തൊഴിലാളികൾ

Saturday 11 May 2024 12:31 AM IST

കൊച്ചി: ആഴക്കടൽ മത്സ്യങ്ങൾ ചൂടിൽ ഉൾവലിഞ്ഞതോടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വറുതിയിൽ. കടലിലെ താപനില കൂടിയതോടെ മത്സ്യലഭ്യത കുറഞ്ഞു. ചൂടിൽ തീരക്കടലിലെ മത്സ്യങ്ങൾ പിൻവലിയുന്നത് വേനലിൽ പതിവാണെങ്കിലും ആഴക്കടലിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞതാണ് തിരിച്ചടിയായത്.

ഉപരിതലമത്സ്യങ്ങളായ ചാള, അയല, നത്തോലി, വറ്റ, താഴ്ന്ന നിരപ്പിലുള്ള കൂരി, നങ്ക്, കണവ, ആയിരംപല്ലി, പാമ്പാട തുടങ്ങിയവ കിട്ടായാതായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളക്കാർക്കും ആഴക്കടലിൽ പോകുന്ന ബോട്ടുകാർക്കും പലദിവസങ്ങളിലും ചെലവുകാശ് പോലും കിട്ടാതെയാണ് തിരിച്ചെത്തുന്നത്. പത്തുകൊല്ലമായി ചാളയുടെ ലഭ്യത കുറഞ്ഞു.

 ജലോഷ്മാവ് @ 28.5 ഡിഗ്രി സെൽഷ്യസ്

ജലോഷ്മാവ് 28.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് 26 ഡിഗ്രി സെൽഷ്യസ് വരെയുള്ള ജലോഷ്മാവിൽ ജീവിക്കുന്ന ചാള, അയല തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചെന്നാണ് പഠനറിപ്പോർട്ട്. ഓരോ മത്സ്യത്തിനും ആവശ്യമായ ജലോഷ്മാവ് (തെർമൽറേഞ്ച്) വ്യത്യസ്തമാണ്. ക്രമാതീതമായി ചൂട് കൂടുമ്പോൾ കടലിലെ ആവാസവ്യവസ്ഥ തകിടംമറിയുമെന്നും വ്യക്തമാക്കി.

 ചാള എന്നും 'ജനകീയൻ"
കർഷകർക്ക് നെല്ല് എന്നപോലെയാണ് മത്സ്യത്തൊഴിലാളികൾക്ക് ചാളയെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തീരത്ത് സുലഭമായിരുന്ന നെയ്ച്ചാള വർഷങ്ങളായി കിട്ടുന്നില്ല. തമിഴ്‌നാട്ടിൽ 'പേച്ചാള" എന്ന നെയ്ച്ചാളയ്ക്ക് അവിടെ ആവശ്യക്കാർ കുറവായതിനാൽ കേരളത്തിലെത്തുന്നു.

ചെറുവഞ്ചികളിലും ഇൻബോർഡ് വള്ളങ്ങളിലും പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കുറവ് ബാധിച്ചു. കേരളത്തിൽ 500 ഓളം ഇൻബോർഡ് വള്ളങ്ങളിൽ മാത്രം 25,000ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് കണക്ക്. ചെറുവള്ളങ്ങളിൽ ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ.

ആഗോളതാപനം, ചൂടിന്റെയും മഴയുടെയും കാറ്റിന്റെയുമെല്ലാം കാലവും കാഠിന്യവും മാറ്റുന്ന എൽനിനോ പ്രതിഭാസം തുടങ്ങിയവ മത്സ്യസമ്പത്തിൽ പ്രകടമായ ഇടിവ് വരുത്തി.

ഗവേഷകർ

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ)

Advertisement
Advertisement