മേയർ - ഡ്രൈവർ തർക്കം ; മെമ്മറി കാർഡ് കാണാതായ കേസിൽ യദു കസ്റ്റഡിയിൽ,​ ചോദ്യം ചെയ്യുന്നു

Friday 10 May 2024 7:01 PM IST

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി തർക്കമുണ്ടായ കേസിൽ ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ഡ്രൈവർ യദു കസ്റ്റഡിയിൽ. തമ്പാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിച്ചു. വൈകിട്ടോടെയാണ് യദുവിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ സ്റ്റേഷൻ മാസ്റ്ററെയും സംഭവസമയത്ത് ബസിലുണ്ടായിരുന്ന കണ്ടക്ടർ സുബിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഇവരുടെ മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് യദുവിനെ കസ്റ്റഡിയിൽ എടുത്തത്.

മേയറുമായി തർക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നൽകാൻ യദു കെ.എസ്.ആ‍ർ.ടി.സി സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. എന്നാൽ ഇവിടെ സി.സി.ടി.വി ക്യാമറകളില്ല. എന്നാൽ ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയത് സംബന്ധിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

മെമ്മറി കാർഡ് കാണാതായത് സംബന്ധിച്ച് കെ.എസ്.ആ‍ർ.ടി.സി നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസെടുത്തത്. പൊലീസിന്റെ ബസ് പരിശോധനയിൽ ക്യാമറയുടെ ഡി.വി.ആർ ലഭിച്ചു. എന്നാൽ ഡി.വി.ആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയർക്കെതിരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. തുടർന്ന് ബസ് പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് കാണാനില്ലെന്ന കാര്യം പുറത്തുവന്നത്.

Advertisement
Advertisement