പിന്നാക്ക വിവേചനം ഇങ്ങനെയും!

Saturday 11 May 2024 8:07 PM IST

കേന്ദ്ര സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് ഒ.ബി.സി വിദ്യാർത്ഥികൾക്ക് സംവരണാനുകൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അപേക്ഷ അയയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയോ അതിനു മുകളിലോ ആണെങ്കിൽ ആ അപേക്ഷകരെ ഒ.ബി.സി (നോൺ ക്രീമീലെയർ) വിഭാഗത്തിൽ പരിഗണിക്കില്ലെന്നും, പൊതു വിഭാഗത്തിൽ മാത്രമേ അത്തരം അപേക്ഷകൾ പരിഗണിക്കൂ എന്നുമാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സന്ദേശം.

അതുകൊണ്ടു തന്നെ നോൺ ക്രീമീലെയർ വിഭാഗത്തിൽപെട്ടതാണെന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം ലഭിക്കുന്നതിനുള്ള അപേക്ഷ അയയ്ക്കാൻ കഴിയാതെ നിരവധി കുട്ടികൾ ബുദ്ധിമുട്ടുന്നു. സംവരണത്തിനുള്ള അർഹത നിശ്ചയിക്കേണ്ടത് ഒരാളുടെ ശമ്പളത്തിൽ നിന്നുള്ള വരുമാനം മാത്രം മാനദണ്ഡമാക്കിയാകരുതെന്നും,​ അയാളുടെ സാമൂഹികാവസ്ഥയാണ് പരിഗണിക്കേണ്ടതെന്നും നിരവധി സർക്കാർ ഉത്തരവുകളും കോടതി വിധികളും നിലനിൽക്കേയാണ് അവയെല്ലാം കാറ്റിൽപ്പറത്തി, പിന്നാക്ക വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരം പോലും കേന്ദ്ര സർക്കാർ നിഷേധിക്കുന്നത്.

ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച കേരളകൗമുദിക്ക്,​ അപേക്ഷ അയയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് എന്ന നിലയിലുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി, പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന ഓൾ ഇന്ത്യാ ബാക്ക്‌വേർഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി. ആർ. ജോഷി സാറിനും നന്ദി.

ആർ. ദേവദാസ്,

ക്ലാപ്പന, കൊല്ലം.

ആശങ്കകളുടെ

കൊവിഷീൽഡ്

ലോകം ഇന്നുവരെ കാണാത്ത മഹാമാരിയായിരുന്നു കൊവിഡ് 19. എന്നാൽ കൊവിഡിനെ ലോകം ഒരുവർഷം കൊണ്ടു തന്നെ പിടിച്ചുകെട്ടി സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തുകയായിരുന്നു. അതിനായി ഫൈസർ, സ്പുട്നിക്ക്, കൊവിഷീൽഡ്‌, കൊവാക്സിൻ തുടങ്ങി നിരവധി വാക്സിനുകൾ മനുഷ്യർ കണ്ടുപിടിച്ചു. മൃഗങ്ങളിലും മനുഷ്യരിലും പഠനം നടത്തി ട്രയലിനു ശേഷമാണ് വാക്സിൻ വിജയകരമെന്ന ആശ്വാസ വാർത്തയെത്തിയത്. അത് നാം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അത്ര സുഖകരമല്ല.

കേരളത്തിൽ 75 ശതമാനത്തിലധികം പേരും സ്വീകരിച്ച കൊവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്നാണ് അതിന്റെ നിർമ്മാതാക്കളായ ആസ്ട്ര സെനെക തന്നെ യു.കെ. കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്. അവർ വിപണിയിൽ നിന്ന് കൊവിഷീൽഡ് വാക്സിനുകൾ പിൻവലിക്കുകയും ചെയ്തിരിക്കുന്നു. വ്യാവസായിക കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ ഇത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. തെറ്റിദ്ധാരണകൾ ദുരീകരിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മാദ്ധ്യമങ്ങളിലൂടെയും മറ്റും ശക്തമായ ബോധവത്കരണം അടിയന്തരമായി നടത്തേണ്ടത് ആവശ്യമാണ്.

ബിനു. എസ്

കല്പറ്റ

അധികാരത്തിന്റെ

അന്ധതയോ?​

തൊഴിലാളിയെ പിരിച്ചുവിടാൻ നഗരസഭ പ്രമേയം പാസാക്കിയത്രെ! മെയ് ദിനത്തിലാണ് ഈ വാർത്ത പുറത്തുവന്നത്. തിരുവനന്തപുരം നഗരസഭയുടെ ഈ വിചിത്ര നടപടി നഗരസഭകളുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമാണ്. മേയറും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്ത കെ.എസ്.ആർ.ടി.സി ഡ്രൈവറെയാണ് നഗരസഭ പ്രമേയത്തിലൂടെ ശത്രുവായി പ്രഖ്യാപിച്ചത്! നഗരസഭയായാലും നിയമസഭയായാലും ഒരു തൊഴിലാളിയെ പിരിച്ചുവിടാൻ പ്രമേയം പാസാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

അധികാരം നൽകുന്നത് ജനങ്ങളാണ്. അപ്പോൾ പരമാധികാരം അവർക്കാണ്. ഭരണകർത്താക്കൾ ഭൃത്യരായി അവരെ സേവിക്കണം. മറിച്ച്,​ ജനം നൽകിയ അധികാരം ഉപയോഗിച്ച് അവരെത്തന്നെ ദ്രോഹിക്കുന്നത് അഹങ്കാരവും അജ്ഞതയുമാണ്. ഏത് ഭരണസംവിധാനവും ജനരക്ഷയ്ക്കു വേണ്ടിയുള്ളതാണ്; അവരെ ദ്രോഹിക്കാനുള്ളതല്ല. വികാരമല്ല, വിവേകമാണ് ഭരണാധികാരികളെ നയിക്കേണ്ടത്. അവർ അന്ധരാകരുത്.

ഡോ. അജിതൻ മേനോത്ത്

കാര്യാട്ടുകര,​ തൃശ്ശൂർ

Advertisement
Advertisement