ജെസ്‌ന കേസിൽ സി.ബി.ഐ തുടരന്വേഷണം

Saturday 11 May 2024 4:28 AM IST

അന്വേഷണം അവസാനിപ്പിക്കണമെന്ന സി.ബി.ഐ റിപ്പോർട്ട് തള്ളി

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിന്റെ അന്വേഷണം അവസാനിപ്പിക്കണമെന്ന സി.ബി.ഐ റിപ്പോർട്ട് തള്ളിയ കോടതി. തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ഹാജരാക്കിയ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലിന്റെ ഉത്തരവ്.

വിശദമായി അന്വേഷിച്ചെങ്കിലും ജെസ്നയെ കണ്ടെത്താനായില്ലെന്നും തിരോധാനത്തിന് മതപരിവർത്തനവുമായോ ലൗ ജിഹാദുമായോ ബന്ധമില്ലെന്നുമാണ് സി.ബി.ഐ റിപ്പോർട്ട്. പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിച്ചതാണ്.പുതിയ തെളിവ് ലഭിച്ചാൽ അന്വേഷണത്തിന് തയ്യാറുമാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഇതിനെ പിതാവ് എതിർത്തു.

ജെസ്‌ന ജീവനോടെ ഇല്ലെന്നും അജ്ഞാത സുഹൃത്തിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ലെന്നും അയാളുടെ ഫോട്ടോയടക്കം ഡിജിറ്റൽ തെളിവുകൾ കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. ഫോട്ടോകളടങ്ങിയ പെൻഡ്രൈവും രേഖകളും സി.ബി.ഐ എസ്.പിക്ക് കൈമാറാനും പിതാവിനോട് കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണം.

ജെസ്‌നയുടെ വീട്ടിൽ നിന്ന് മൂന്ന് ഡയറികൾ, നോട്ടുബുക്കുകൾ, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയ പൊലീസുകാരെ സി.ബി.ഐ ചോദ്യം ചെയ്തില്ലെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ജെസ്‌ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ജെസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായിരുന്നു. രക്തംപുരണ്ട വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും പിതാവ് കോടതിയെ അറിയിച്ചു. ഇവയെല്ലാം പരിഗണിച്ചാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisement
Advertisement