4 വർഷ ബിരുദ കോഴ്സ് ജൂലായ് ഒന്നിന് തുടങ്ങും , മിടുക്കർക്ക് രണ്ടരവർഷം കൊണ്ട് ബിരുദം

Saturday 11 May 2024 4:47 AM IST


 കോഴ്സ് സ്വയം രൂപകല്പന ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ ജൂലായ് ഒന്നിന് തുടങ്ങും. മേയ് 20നകം അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 20മുതൽ പ്രവേശനം. സർവകലാശാലകളിൽ നിലവിലെ ഏകീകൃത കൗൺസലിംഗ് രീതിയിലാവും പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.

വിദ്യാർത്ഥികൾക്ക് അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് കോമ്പിനേഷൻ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം രൂപകല്പന ചെയ്യാം. ഉദാഹരണമായി നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ നാലുവർഷ ബിരുദത്തിൽ കെമിസ്ട്രിക്കൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നോ, സാഹിത്യവും സംഗീതവും ചേർന്നോ അല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാം. സഹായിക്കാൻ അക്കാഡമിക് കൗൺസലർമാരുണ്ടാവും.

മൂന്നുവർഷം കൊണ്ട് 133ക്രെഡിറ്റ് പൂർത്തിയാക്കിയാൽ ബിരുദം. നാലുവർഷം കൊണ്ട് 177ക്രെഡിറ്റ് പൂർത്തിയാക്കിയാൽ ഓണേഴ്സ് ബിരുദം. ഓണേഴ്സ് ലഭിക്കുന്നവർക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ഒരുവർഷം മതി. സമർത്ഥർക്ക് നിശ്ചിത ക്രെഡിറ്റ് നേടി രണ്ടരവർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാം.

പഠനത്തിനിടെ ഓൺലൈൻ കോഴ്സുമാകാം

പഠനത്തിനിടെ സർവകലാശാല മാറാം. റഗുലർ പഠനത്തിനിടെ ലോകത്തെവിടെ നിന്നും ഓൺലൈൻ കോഴ്സുകൾ പഠിച്ച് അതിന്റെ ക്രെഡിറ്റുകൾ ബിരുദകോഴ്സ് പൂർത്തിയാക്കാനുപയോഗിക്കാം. നൈപുണ്യപരിശീലനം കോഴ്സിന്റെ ഭാഗം. ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാൻ കോളേജ് തലത്തിൽ കോഴ്സ് ബാസ്കറ്റ് സംവിധാനം. പഠനം ക്ലാസ്‌മുറിയിൽ മാത്രമാവില്ല. പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് 20% സിലബസ് തയ്യാറാക്കുക. എല്ലാ വർഷവും സിലബസ് പരിഷ്കരിക്കും. ഇതിനായി സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും.

പരീക്ഷാ ദൈർഘ്യം കുറയും

വിഷയത്തിന്റെ സ്വഭാവമനുസരിച്ചാവും പരീക്ഷ. ദൈർഘ്യം കുറയും

കോഴ്സിലൂടെ കിട്ടിയ അറിവും നൈപുണ്യവും പരിശോധിക്കപ്പെടും

എഴുത്തുപരീക്ഷ മാത്രമാവില്ല, ഓപ്പൺബുക്കടക്കം വിവിധ രീതികൾ

ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേകം പരീക്ഷാരീതികൾ

സിലബസ് തയ്യാറാക്കലും ഒന്നിടവിട്ട സെമസ്റ്ററിന്റെ മൂല്യനിർണയവും കോളേജുകളിൽ

Advertisement
Advertisement