കോളേജുകളിൽ വിദ്യാർത്ഥി സംഘനടകൾക്ക് നിയന്ത്രണം കൊണ്ടുവരും, യൂണി.കോളേജ് അദ്ധ്യാപകരെ സ്ഥലംമാറ്റുമെന്ന് മന്ത്രി

Saturday 20 July 2019 11:59 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ തുടർന്ന് കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നതുൾപ്പെടെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ പറഞ്ഞു. കലാലയ വിദ്യാഭ്യാസം കുറ്റമറ്റതും കാര്യക്ഷമവുമാക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കും. യൂണി. കോളേജ് സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകരെ സ്ഥലംമാറ്റും. വിദ്യാർത്ഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയതിൽ അദ്ധ്യാപകരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ കോളേജിൽ നടപ്പായില്ല. വിദ്യാർത്ഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കാൻ അനുവദിക്കില്ല. കോളേജിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്താൻ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കാമ്പസുകളിൽ കൊടിമരങ്ങളും നോട്ടീസ് ബോ‌ർഡുകളും സ്ഥാപിക്കുന്നതിന് ക‌ർശന നിബന്ധനകൾ കൊണ്ടുവരും. നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ കൊടികളും ബോ‌ഡുകളും വയ്ക്കാൻ അനുവദിക്കൂ. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അക്കാഡമിക് പ്രവ‌ത്തനങ്ങളെ ബാധിക്കാതിരിക്കാൻ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വെളിപ്പെടുത്തി.