 പ്ലസ്‌വൺ പ്രവേശനം ജില്ലയിൽ അധികസീറ്റ് വേണ്ടി വന്നേക്കും

Saturday 11 May 2024 12:08 AM IST

കൊച്ചി: വിജയശതമാനം ജില്ലയിൽ ഉൾപ്പെടെ വർദ്ധിച്ചതോടെ പ്ലസ്‌വണ്ണിന് അധിക സീറ്റുകൾ ആവശ്യമായി വന്നേക്കുമെന്ന് അധികൃതർ. ഉൾപ്രദേശങ്ങളിലുള്ള സ്കൂളുകളിൽ പ്രവേശിക്കുന്നവർ കുറയുമ്പോൾ നഗരപ്രദേശങ്ങളിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടും. ഇതോടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വരാനാണ് സാദ്ധ്യത.

സീറ്റുകളുടെ എണ്ണം, ബാച്ച് വേരിഫിക്കേഷൻ, ബാച്ചുകളുടെ ഡാറ്റ വേരിഫിക്കേഷൻ എന്നിവ പൂർത്തിയായ ശേഷം ജൂണോടെ പ്ലസ്‌വൺ പ്രവേശന നടപടികൾ ആരംഭിക്കും.

 എണ്ണം കൂടിയാൽ സീറ്റ് കൂട്ടും

ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചിൽ 50 വിദ്യാർത്ഥികളാണുള്ളത്. 25 വിദ്യാർത്ഥികൾ എത്തിയാൽ ഒരു ബാച്ചാകും. വിദ്യാർത്ഥികളുടെ എണ്ണം കൂടിയാൽ ഇത് ആദ്യഘട്ടത്തിൽ 10 ശതമാനം വർദ്ധിപ്പിച്ച് 55 കുട്ടികളെ പഠിപ്പിക്കാം. വീണ്ടും ആവശ്യമായി വന്നാൽ 20 ശതമാനം വ‌ർദ്ധിപ്പിച്ച് 60 വരെ ആക്കാം. വീണ്ടും വിദ്യാർത്ഥികൾ എത്തിയാൽ സ്കൂളിന് താത്കാലിക ബാച്ച് അനുവദിക്കാറുണ്ട്. ജില്ലയിൽ 34 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലായി 2790 സീറ്റുണ്ട്. മുപ്പത്തിനാലിലധികം കോഴ്‌സുകളും ലഭ്യമാണ്.

വിദ്യാർത്ഥികളില്ലാത്ത 14 സ്കൂൾ

ജില്ലയിൽ 14 സ്കൂളുകളിൽ ഒരു ബാച്ച് നടത്തുന്നതിനാവശ്യമായ വിദ്യാർത്ഥികൾ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സ്കൂളുകളിൽ 18ൽ താഴെ വിദ്യാർത്ഥികളാണുള്ളത്. ബാച്ച് പുന:ക്രമീകരണം വരുമ്പോൾ ബാച്ചുകൾ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്രാൻ സാദ്ധ്യതയുണ്ട്.

ഫോക്കസ് പോയിന്റ് 14ന്

ജില്ലയിൽ ഓരേ പേരിൽ ഒന്നിലേറെ സ്ഥലങ്ങൾ ഉള്ളതിനാൽ പലർക്കും സ്കൂൾ ഓപ്ഷൻ നൽകുന്നത് തെറ്റിപ്പോകാറുണ്ട്. ഇടപ്പള്ളിയിലും പെരുമ്പാവൂരിനടുത്തും ചേരാനല്ലൂരുണ്ട്. ഇടപ്പള്ളിയിലുള്ള കുട്ടി തെറ്റി പെരുമ്പാവൂരിലുള്ള ചേരാനല്ലൂർ സ്കൂളിൽ ഓപ്ഷെൻ വയ്ക്കും. തൃപ്പൂണിത്തുറയിലും നോർത്ത് പറവൂരിലും പുതിയകാവുണ്ട്. എന്നാൽ തൃപ്പൂണിത്തുറ പുതിയകാവിൽ സ്കൂളുകളില്ല. പലർക്കും ഇവ തമ്മിൽ മാറിപ്പോകാറുണ്ട്. ഇത്തരം കാര്യങ്ങൾ പറഞ്ഞുനൽകാനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി 14ന് എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ഫോക്കസ് പോയിന്റ് പരിശീല ക്ലാസ് നടത്തും.

ജില്ലയിൽ ഹയർ സെക്കൻഡറി സ്കൂൾ

ആകെ - 209

സർക്കാർ - 67

എയ്ഡഡ് - 92

അൺ എയ്ഡഡ് - 45

സ്പെഷ്യൽ - 1

റെസിഡെൻഷ്യൽ -1

ടെക്നിക്കൽ - 3

സീറ്റുകൾ

ആകെ- 37,900

സർക്കാർ- 11,640

എയ്ഡഡ്- 20,460

അൺ എയ്ഡഡ്-5,800

ഉപരിപഠന യോഗ്യത നേടിയവർ- 32,216

വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ജില്ലയിൽ പ്രവേശനം ലഭിക്കും. ബാച്ച് പുന:ക്രമീകരണത്തിന് ശേഷമേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.

എ. ശങ്കരനാരായണൻ

ജില്ലാ കോ ഓർഡിനേറ്റർ

ഹയർ സെക്കൻഡറി

Advertisement
Advertisement