ഇന്ദിരാഗാന്ധി സ്റ്റേഡിയം നവീകരണം ഇഴയുന്നു

Saturday 11 May 2024 1:06 AM IST
ഇന്ദിരാഗാന്ധി സ്റ്റേഡിയം

പാലക്കാട്: ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണം വൈകുന്നു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം വേണമെന്നാവശ്യപ്പെട്ട് നഗരസഭ കായിക വകുപ്പിന് അയച്ച കത്തിന് രണ്ടു മാസമായിട്ടും മറുപടി ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് തിരിക്കിനിടെ കൂടിയാലോചനകളും ചർച്ചകളും ഉണ്ടായതുമില്ല. ഇതോടെയാണ് കായികവകുപ്പ് തുക അനുവദിക്കുമെന്നറിയിച്ചിട്ടും സ്റ്റേഡിയം നവീകരണം തുടർ നടപടികളില്ലാതെ വൈകുന്നത്.

 2023 ജനുവരി 17ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് കായിക മന്ത്രി ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് 40 കോടി രൂപ അനുവദിച്ചത്.

 സ്റ്റേഡിയത്തിന്റെ പൂർണ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് നൽകിക്കൊണ്ടായിരിക്കണം നവീകരണ പ്രവർത്തനങ്ങളെന്ന നഗരസഭയുടെ ആവശ്യം അംഗീകരിച്ചായിരുന്നു തുക അനുവദിച്ചത്.

 സ്റ്റേഡിയത്തിൽ നിന്നും കടമുറികളിൽനിന്നുമുള്ള വരുമാനം നഗരസഭയ്ക്ക് ലഭിക്കുമ്പോൾ, അതിൽനിന്ന്‌ ഒരുവിഹിതം നഗരസഭയുടെയും കായികവകുപ്പിന്റെയും പേരിൽ സംയുക്ത അക്കൗണ്ട് രൂപവത്കരിച്ച് നിക്ഷേപിക്കുകയും സ്റ്റേഡിയത്തിന്റെ പരിപാലനവും ശുചീകരണവും ആ തുകയിൽനിന്ന് നടപ്പാക്കുകയും വേണമെന്നും നിർദേശമുണ്ടായിരുന്നു.

നഗരസഭയിൽ സ്റ്റേഡിയത്തിന് മാസ്റ്റർ പ്ലാനുണ്ടെന്നും ഇത് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി 40 കോടി രൂപയ്ക്കകത്ത് വരുന്ന പണികൾക്കുവേണ്ടി പദ്ധതിരൂപരേഖ തയ്യാറാക്കുമെന്നും മുൻ നഗരസഭാദ്ധ്യക്ഷ അന്നത്തെ യോഗത്തിൽ അറിയിച്ചിരുന്നു. ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ച ശേഷമായിരുന്നു യോഗത്തിൽ തുക നൽകാനുള്ള കായികവകുപ്പ് തീരുമാനിച്ചത്.

നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിലാവാം പദ്ധതി വൈകുന്നത്. ജൂൺ നാലോടെ സ്റ്റേഡിയം നവീകരണത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement