ഉദയംപേരൂരി​ലെ ജലപ്രശ്നം: വാട്ടർ അതോറി​റ്റി​ ഓഫീസി​ൽ തിങ്കൾ മുതൽ രാപ്പകൽ സമരം

Friday 10 May 2024 10:10 PM IST

കൊച്ചി: രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ഉദയംപേരൂർ പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങൾ അഞ്ചു ദിവസമായി എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിനിയറുടെ ഹോസ്പിറ്റൽ റോഡിലെ ഓഫീസിന് മുന്നിൽ നടത്തുന്ന പ്രതിഷേധം 13 മുതൽ രാപ്പകൽ സമരമാക്കും.

പ്രശ്നം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതിനാലാണ് നീക്കം. പരിഹാരമില്ലെങ്കിൽ മറ്റ് സമരമാർഗങ്ങളിലേക്ക് മാറുമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.പി.ഷൈമോൻ പറഞ്ഞു. എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, ബിനു ജോഷി, സമിത രാജേഷ്, നിഷ ബാബു, നീമിൽ രാജ്, സോമിനി സണ്ണി, എം.കെ. അനിൽ കുമാർ എന്നിവരാണ് സമരം തുടരുന്നത്.

കക്കാട് ജലപദ്ധതിയിൽ നിന്ന് കാഞ്ഞിരമറ്റം ടാങ്കിലെത്തിച്ചാണ് ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകളിൽ മാറി മാറി ഒന്നിടവിട്ട ദിവസം ജലം വിതരണം ചെയ്യുന്നത്. ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ടാങ്കിന്റെ നിയന്ത്രണം ആമ്പല്ലൂർ പഞ്ചായത്ത് കൈയടക്കി തോന്നി​യതു പോലെ ജലവി​തരണം നടത്തുന്നതാണ് ഉദയംപേരൂരി​ലെ പ്രതി​സന്ധി​ക്ക് കാരണമെന്ന് കൗൺ​സി​ലർമാർ പറയുന്നു. വാട്ടർ അതോറി​റ്റി​യുടെ സംവി​ധാനം നി​യന്ത്രി​ക്കാൻ അവർക്ക് കഴി​യുന്നി​ല്ലെന്നും അവർ ആരോപി​ച്ചു.

Advertisement
Advertisement