ഡ്രൈവിംഗ് ടെസ്റ്റ് വീണ്ടും തടഞ്ഞു, പുതിയ കേന്ദ്രങ്ങൾ കീറാമുട്ടി

Saturday 11 May 2024 4:06 AM IST

തിരുവനന്തപുരം: പൊലീസ് സംരക്ഷണയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഗതാഗത വകുപ്പിന്റെ നീക്കം പൂർണമായി വിജയിച്ചില്ല. ഡ്രൈവിംഗ് സ്കൂളുകാരുടെ സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു.

ചടയമംഗലത്തും ആലത്തൂരിലും മാത്രമാണ് ടെസ്റ്റുകൾ നടത്തിയത്. ചടയമംഗലത്ത് 16 പേർ പങ്കെടുത്തു. ആറു പേർ വി​ജയി​ച്ചു. മൊത്തം 84 പേർ ടെസ്റ്റുകളിൽ പങ്കെടുത്തതായി അധികൃതർ അവകാശപ്പെട്ടു.

പരിഷ്കരിച്ച രീതിയിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തിയും ടെസ്റ്റ് നടത്തുന്നതിനെതിരെയുള്ള സമരം അഞ്ച് ദിവസം പിന്നിട്ടു. തൃശൂർ അത്താണിയിൽ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ശവക്കുഴി ഒരുക്കിയായിരുന്നു സമരം.തിരുവനന്തപുരം മുട്ടത്തറയിൽ റോഡിൽ കിടന്നും പ്രതിഷേധിച്ചു.

86 ഗ്രൗണ്ടുകളിൽ 77 എണ്ണവും ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ വാടകയ്ക്ക് എടുത്തവയാണ്. ഇവ അടച്ചിട്ടാണ് സമരം. കെ.എസ്.ആർ.ടി.സിയുടെ 24 സ്ഥലങ്ങൾ കണ്ടെത്തിയെന്ന് ഗതാഗത വകുപ്പ് അവകാശപ്പെട്ടെങ്കിലും സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

സ്‌കൂൾ ഗ്രൗണ്ടുകളിൽ നടത്തുന്നതും പ്രായോഗികമല്ല. ജൂണിൽ സ്കൂളുകൾ തുറക്കുന്നതോടെ അവിടെ നടത്താനാകില്ല. സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ വൻതുക വാടക നൽകണം. പുതിയ സ്ഥലം കണ്ടെത്തണമെങ്കിൽ റവന്യു,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം വേണ്ടിവരും.

#സർക്കാർ കേന്ദ്രം 9,

പ്രവർത്തിക്കുന്നത് 4

ഒമ്പത് സ്ഥലങ്ങളിലാണ് മോട്ടോർ വാഹനവകുപ്പിന് സ്വന്തം ടെസ്റ്റിംഗ് കേന്ദ്രങ്ങളുള്ളത്. ഇവയിൽ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയും ​ ആറ്റിങ്ങലും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും മാത്രമാണ് പ്രവർത്തിക്കുന്നത്. കോട്ടയത്തെ ഉഴവൂർ,​ കോഴിക്കോട് ചേവായൂർ,​ കണ്ണൂർ,​ തളിപ്പറമ്പ്,​ കാസർകോട്ടെ ബേളം എന്നിവ പ്രവർത്തിക്കുന്നില്ല. ബേളത്തേത് ഉദ്ഘാടനം ചെയ്തിട്ടില്ല.

 പ്രതിസന്ധികൾ

1. രേഖകളോ കരാറുകളോ ഇല്ലാതെ നിർമ്മാണം പറ്റില്ല

2.ഗ്രൗണ്ടുകളിൽ അറ്റകുറ്റപ്പണി നടത്തണം

3.ട്രാക്കുകൾ കോൺക്രീറ്റ് ചെയ്യണം

4. ടെസ്റ്റിംഗ് കേന്ദ്രങ്ങൾക്ക് 50 സെന്റ് ഭൂമി വേണം

5.ടെസ്റ്റിംഗ് ട്രാക്കിന് 13.07 സെന്റ് വേണം

6.ടോയ് ലെറ്റ്,​ കുടിവെള്ളം,​ പാർക്കിംഗ് സൗകര്യങ്ങൾ വേണം

Advertisement
Advertisement