ആരുമെത്തിയില്ല, വയനാട്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

Saturday 11 May 2024 12:17 AM IST
ടെസ്റ്റ് മുടങ്ങിയതിനെ തുടർന്ന് ശൂന്യമായി കിടക്കുന്ന കൽപ്പറ്റ പുളിയാർ മലയിലെ ടെസ്റ്റ് ഗ്രൗണ്ട്

കൽപ്പറ്റ: പ്രതിഷേധം മറികടന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ശ്രമം ആദ്യദിനം ഫലംകണ്ടില്ല. ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഇന്നലെ ആരുമെത്തിയില്ല. ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം കാത്തുനിന്ന ശേഷം മടങ്ങി. ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രതിഷേധവും ജില്ലയിൽ തുടരുകയാണ്. അശാസ്ത്രീയമായ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് ടെസ്റ്റ് മുടങ്ങിയത്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിലെ തർക്കം പൊതുജനങ്ങളെ വൻതോതിൽ വലക്കുന്നതിന്റെ ഉദാഹരണമാണിത്. ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ എതിർപ്പും സമരവും അവഗണിച്ച് ഇന്നലെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും ആരുമെത്തിയില്ല. സ്വന്തമായി വാഹനവുമായി എത്തണമെന്ന നിർദ്ദേശമാണ് പലരെയും കുഴക്കിയത്. ടെസ്റ്റിന് അനുവദിക്കുന്ന വാഹനങ്ങൾ കണ്ടുപിടിക്കാൻ കഴിയാതെയും മറ്റുള്ളവരുടെ സഹായം ലഭിക്കാത്തതുമാണ് ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന് എത്താതിരുന്നത്.
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതിയിൽ മാറ്റം വരുത്തില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെയാണ് ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷനും മോട്ടോർ വാഹന വകുപ്പും ഏറ്റുമുട്ടലിന്റെ വക്കിലുള്ളത്. ഡ്രൈവിംഗ് ടെസ്റ്റ് നടന്നാൽ തടയാനായി അസോസിയേഷൻ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

Advertisement
Advertisement