നദികളിലുണ്ട് 1000 കോടിയുടെ മണൽ; പക്ഷേ വാരാൻ വയ്യ!

Saturday 11 May 2024 4:18 AM IST


 വാരാൻ ഉത്തരവിറങ്ങിയിട്ട് 3 മാസം കഴിഞ്ഞു

പത്തനംതിട്ട: 18 നദികളിൽ കെട്ടിക്കിടക്കുന്ന ആയിരം കോടിയിലേറെ രൂപ വിലവരുന്ന മണൽ വാരാൻ ഉത്തരവ് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല.

32 നദികളിൽ സർവേ നടത്തിയാണ് 18 നദികളിൽ മണൽ വാരാൻ തീരുമാനിച്ചത്.

10 വർഷം മുമ്പ് നിരോധിച്ച മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു നിർമ്മാണ മേഖല. പക്ഷേ,​ പാറപ്പൊടി ലോബിക്ക് ഒത്താശയെന്നോണം സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നെന്നാണ് ആക്ഷേപം.

ടോറസിൽ ഒരു ലോഡ് മണൽ തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുമ്പോൾ 90,​000 മുതൽ ഒരുലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.

പുഴകൾ വറ്റുന്ന മാർച്ച് മുതൽ മേയ് വരെ മണൽ വാരാനാണ് ജനുവരിയിൽ ഇറങ്ങിയ ഉത്തരവിൽ നിർദ്ദേശിച്ചത്. കാലവർഷം കനത്ത് പുഴകൾ നിറഞ്ഞാൽ വാരാൽ ദുർഘടമാകും. ചാലിയാർ പുഴയിൽ മലപ്പുറം ഭാഗത്ത് എട്ടു കടവുകൾ നിശ്ചയിച്ചതു മാത്രമാണ് ഏക നടപടി.

2018ലെ മഹാപ്രളയത്തിൽ നദികളിൽ വൻതോതിൽ മണൽ അടിഞ്ഞിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) മണൽ നിക്ഷേപം കണ്ടെത്താൻ സർവേ നടത്തി. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരാൻ തീരുമാനിച്ചത്. തീരങ്ങളിൽ വാരിക്കൂട്ടിയശേഷം ലേലം ചെയ്യാനായിരുന്നു തീരുമാനം.

18 പുഴകൾ

കരമന, വാമനപുരം, നെയ്യാർ, കല്ലടയാർ, അച്ചൻകോവിൽ, പമ്പ, മീനച്ചിൽ, മൂവാറ്റുപുഴ,പെരിയാർ, ചാലക്കുടി, കരുവന്നൂർ, അഞ്ചരക്കണ്ടി, ചാലിയാർ, ചന്ദ്രഗിരി, ഇത്തിക്കര, കബനി, കടലുണ്ടി, കുറ്റ്യാടി.

27 ലക്ഷം ടൺ മണൽ വാരാം

1.5 ലക്ഷം ടൺ:

ഒരു നദിയിൽ

വാരാനുള്ള മണൽ

1 ലക്ഷം രൂപ

25 ടണിന്റെ ഒരു ലോഡിന്

തമിഴ്നാട് ലോബി

ഈടാക്കുന്നത്

വെള്ളപ്പൊക്ക

സാദ്ധ്യത കുറയും

നദികളിലെ സംഭരണ ശേഷി കൂടി വെള്ളപ്പൊക്ക സാദ്ധ്യത കുറയുന്നതാണ് മണൽ വാരലിലെ മറ്റൊരു ഗുണം

'' മണൽ വാരലിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥരുടെ യോഗങ്ങൾ ചേർന്നിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്നാണ് നീണ്ടത്. കാലവർഷത്തിന് മുൻപ് പരമാവധി മണൽ വാരും

കെ. രാജൻ,​

റവന്യു മന്ത്രി

Advertisement
Advertisement