പെടപെടച്ച് മീൻ വില; മത്തി കിലോ 380 രൂപ

Saturday 11 May 2024 1:40 AM IST
fish

പാലക്കാട്: കടുത്ത വേനലിൽ അറബിക്കടൽ ചൂടായതോടെ കേരളതീരങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞു. ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതിൽ കുറഞ്ഞതോടെ വിപണിയിൽ മത്തി ഉൾപ്പെടെ മീനുകൾക്ക് പൊള്ളു വിലയാണ്. മത്തി കിലോ 380 രൂപയാണ് വില, അയല 350, ചെമ്മീൻ 950 എന്നിങ്ങനെപോകുന്നു പെടപെടക്കണ വില. മത്സ്യങ്ങൾ ഇപ്പോൾ കൂടുതലും എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കടൽ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീൻ വില കൂടാൻ കാരണമായിട്ടുണ്ട്.

 ദിനംപ്രതി മലമ്പുഴ ഡാമിൽ ശരാശരി 1.5 ടൺ മത്സ്യംവരെ ലഭിച്ചിരുന്നത്, ഇപ്പോൾ 600 കിലോയായി കുറഞ്ഞു. മലമ്പുഴ, വാളയാർ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാർ, ശിരുവാണി തുടങ്ങി ഡാമുകളെ ആശ്രയിച്ചു കഴിയുന്ന ആയിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികളെ ഇതു സാരമായി ബാധിച്ചു.

 കട്ല, രോഹു, മൃഗാല, കരിമീൻ, തിലാപ്പിയ, പൊടിമീൻ എന്നിവയാണു ജില്ലയിൽ പ്രധാനമായും വളർത്തുന്ന മീനുകൾ. തിലാപ്പിയ ആണു കൂടുതൽ. കട്ല, രോഹു, മൃഗാല തുടങ്ങിയ വലിയ മീനുകൾക്കു കിലോയ്ക്ക് 150 രൂപയാണു വില. തിലാപ്പിയയ്ക്കു 180 രൂപയോളം വിലയുണ്ട്. ഒരു ദിവസം 8 കിലോഗ്രാം വരെ മത്സ്യം ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നു. ഇപ്പോഴത് രണ്ടു കിലോയായി കുറഞ്ഞു.

 മത്സ്യക്കൃഷി ഉപജീവനമാക്കിയ 3000പേർ

ജില്ലയിൽ മത്സ്യക്കൃഷി ചെയ്തു ജീവിക്കുന്ന മൂവായിരത്തോളം പേരുണ്ട്. പുഴകളിലും തോടുകളിലും നിന്നു മീൻ പിടിച്ചു ജീവിക്കുന്ന ആദിവാസികൾക്കും വേനൽ ദുരിത കാലമാണ്. പുഴകളും തോടുകളും വറ്റിവരണ്ടു. അട്ടപ്പാടി, മലമ്പുഴ, പറമ്പിക്കുളം, മംഗലംഡാം എന്നിവിടങ്ങളിൽ ഒട്ടേറെ ആദിവാസികൾ പുഴകളിൽ നിന്നും മറ്റും മീൻ പിടിച്ച് ഉപജീവനം നടത്തുന്നവരുണ്ട്.

Advertisement
Advertisement