ജൂണിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്ന് കേന്ദ്രം

Saturday 11 May 2024 12:47 AM IST

കൊച്ചി: ജൂണിൽ ഇന്ത്യയിലെ വൈദ്യുതി ക്ഷാമം അതിരൂക്ഷമാകുമെന്ന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി വ്യക്തമാക്കി. ജല വൈദ്യുത പദ്ധതികളിലെ ഉത്പാദന ഇടിവാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പതിനാല് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന വൈദ്യുതി കമ്മിയാണ് ജൂണിൽ പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. രാത്രികാലങ്ങളിൽ 14 ജിഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. കൽക്കരി അധിഷ്ഠിത പ്ളാന്റുകളിൽ നിന്ന് 3.6 ജിഗാ വാട്ട് വൈദ്യുതി ഉത്പാദനം മാർച്ചിൽ കമ്മീഷൻ ചെയ്യാനുള്ള പദ്ധതി വൈകുന്നതും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രതിസന്ധി വിലയിരുത്തുന്നതിനായി കേന്ദ്ര ഉൗർജ മന്ത്രി ആർ. കെ സിംഗ് കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പ്രധാന പ്ളാന്റുകളിലെ വാർഷിക അറ്റകുറ്റ പണി തൽക്കാലം മാറ്റിവെക്കാനാണ് മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.

Advertisement
Advertisement