കള്ളക്കളികൾ പൊളിഞ്ഞു ; പി.വിജയൻ ഇനി എ.ഡി.ജി.പി

Saturday 11 May 2024 4:50 AM IST

പൊലീസ് അക്കാഡമിയിൽ നിയമനം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്രസഹായം തേടിയത് രസിക്കാത്ത പൊലീസ് ഉന്നതർ, സസ്പെൻഷനിലും അന്വേഷണത്തിലും കുരുക്കിയ ഐ. പി. എസ് ഉദ്യോഗസ്ഥൻ പി. വിജയന് അർഹമായ അഡി.ഡി.ജി.പി സ്ഥാനക്കയറ്റം അനുവദിച്ച് സർക്കാർ.

ഇതോടെ, സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള പൊലീസ് ഉദ്യോഗസ്ഥന് യൂണിഫോമിൽ മൂന്ന് നക്ഷത്രങ്ങളുടെ തിളക്കമായി. 1,82,200- 2,24,100 ശമ്പള സ്കെയിലിൽ പൊലീസ് അക്കാഡമി ഡയറക്ടറായാണ് നിയമനം.

വിജയന്റെ പ്രൊമോഷൻ തടയാനുള്ള കള്ളക്കളികൾ 'കേരളകൗമുദി ' പുറത്തുകൊണ്ടുവന്നിരുന്നു.

ജനുവരിയിൽ കിട്ടേണ്ട സ്ഥാനക്കയറ്റം തടയാനായിരുന്നു വിജയനെ ആറുമാസം സസ്പെൻഷനിലാക്കുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്. എലത്തൂർ ട്രെയിൻ തീവയ്പ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്ന പൊലീസ് ഉന്നതരുടെ റിപ്പോർട്ടായിരുന്നു നടപടിക്കാധാരം. വിശദീകരണം പോലും തേടാതെ സസ്പെൻഷൻ. തിരിച്ചെടുക്കാൻ ചീഫ്സെക്രട്ടറി രണ്ടുവട്ടം ശുപാർശ ചെയ്തിട്ടും ഡി.ജി.പി എതിർത്തു. മൂന്നാം ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് നവംബർ 13ന് സസ്പെൻഷൻ റദ്ദാക്കി.

വിജയൻ കേന്ദ്രസഹായം തേടിയതിൽ തെറ്റില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതി കേരളം വിട്ടെന്നുറപ്പായപ്പോഴാണ് കേന്ദ്രകാബിനറ്റ് സെക്രട്ടേറിയറ്റിലെ കേരള കേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം തേടിയത്. ഐ.ബി, മഹാരാഷ്ട്ര-കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസ്, ആർ.പി.എഫ് എന്നിവയെ ഏകോപിപ്പിച്ചത് അങ്ങനെയാണ്.

പ്രതിയുടെ ഫോട്ടോയും വീഡിയോയും പുറത്തു വിട്ടത് മഹാരാഷ്ട്ര എ.ടി.എസ് ആണെങ്കിലും ആ കുറ്റവും വിജയന്റെ പേരിലാക്കി. പ്രതിയെ കേരളത്തിലെത്തിച്ച ഡിവൈ.എസ്.പിയെ എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി എന്നിവർ വിളിച്ചെങ്കിലും കുറ്റക്കാരൻ വിജയൻ മാത്രമായി. പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തായത് തീവ്രവാദികളുടെ ആക്രമണത്തിന് ഇടയാക്കുമായിരുന്നു എന്നായിരുന്നു കുറ്റപ്പെടുത്തൽ .

പൊലീസ് മേധാവിയാവാനും യോഗ്യൻ

2028വരെ സർവീസുള്ള വിജയൻ പൊലീസ് മേധാവിയാവാനും യോഗ്യനാണ്. പത്താംക്ലാസ് തോറ്റശേഷം നിശ്ചയദാർഢ്യത്തോടെ പഠിച്ച് ഐ.പി.എസ് നേടിയ വിജയൻ യുവതലമുറയുടെ ഹീറോയാണ്.

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഉദ്യോഗസ്ഥനുള്ള സി.എൻ.എൻ-ഐ.ബി.എൻ പുരസ്കാരം ലഭിച്ചു. മൻ കീ ബാത്തിന്റെ നൂറാംപതിപ്പിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു.

Advertisement
Advertisement