ഒാമല്ലൂരിലെ ജലസ്രോതസുകൾ വി​സ്മൃതി​യി​ൽ, ചാലും തോടും മലി​നം, കുളങ്ങൾ നി​കന്നു

Saturday 11 May 2024 12:01 AM IST
കുറുംചാൽ

ഓമല്ലൂർ : ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ ജലസ്രോതസുകൾ സംരക്ഷണമി​ല്ലാതെ നശി​ക്കുന്നു. സ്വകാര്യവ്യക്തികളുടെ അടക്കം 40 കുളങ്ങൾ പഞ്ചായത്ത് പരിധിയിൽ ഉണ്ടായിരുന്നതായി രേഖകളിലുണ്ട്. ഇന്ന് ഒന്നോരണ്ടോ മാത്രമായി​ ചുരുങ്ങി. മിക്കതും മണ്ണിട്ട് നികത്തുകയായി​രുന്നു. പഞ്ചായത്തിലെ വലിയ ശുദ്ധജല സ്രോതസ് ആയിരുന്നു മഞ്ഞിനിക്കര ചാലിങ്കര പള്ളിക്ക് സമീപമുള്ള കുറുംചാൽ എന്നറിയപ്പെടുന്ന കുരുവേലിച്ചിറ. ഐമാലി വെസ്റ്റിനും മഞ്ഞനിക്കരയ്ക്കും അതിർത്തിയായി നാല് ഏക്കറിൽ വ്യാപിച്ചുകിടന്നിരുന്ന ചാൽ ഇന്ന് ദുർഗന്ധം വമിക്കുന്ന വെള്ളക്കെട്ടാണ്. മാലിന്യങ്ങൾ ചാലിൽ തള്ളുകയാണ്. നൂറ് കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തി​നായി​ കുറുംചാലി​നെ ആശ്രയി​ച്ചി​രുന്നു.
വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് സാമൂഹ്യ വിരുദ്ധരുടെ താവളമായി. ഇവിടെ ഉണ്ടായിരുന്ന രണ്ട് പമ്പുകൾ മോഷണം പോയിട്ട് വർഷങ്ങളായി. വേനൽക്കാലത്ത് കുളിക്കാനും തുണി അലക്കാനും നീന്തൽ പരിശീലനത്തിനുമായി​ നിരവധി പേർ ഇവിടെ എത്തിയിരുന്നു. കൈയേറ്റം മൂലം ചാൽ രണ്ട് ഏക്കറായി ചുരുങ്ങി.

താമര വിരിഞ്ഞില്ല

കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ ലക്ഷക്കണക്കിന് രൂപ മുടക്കി കോട്ടയത്ത് നിന്ന് താമരപ്പൂവിന്റെ വിത്തുകൾ കുറുംചാലി​ൽ പാകിയിരുന്നു. എന്നാൽ ഒറ്റ താമരപ്പൂവ് പോലും വിരിഞ്ഞില്ല.

വലിയതോടും വറ്റി

ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളെ വേർതിരിച്ച് ഒഴുകിയിരുന്ന വലിയതോട്ടിൽ നീരൊഴുക്കു വറ്റി. താണാമുട്ടം ഏലായിൽ ഇരിപ്പൂകൃഷി ചെയ്യാനുള്ള ജലം ലഭിച്ചിരുന്നത് ഇവിടെ നിന്നാണ്. മഞ്ഞനിക്കരയിലെയും ചെന്നീർക്കരയിലെയും കോളനിനിവാസികൾ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്.

മുണ്ടകൻ ഏല

മുണ്ടകൻ ഏലയുടെ വിരിമാറിലൂടെ ഒഴുകിയിരുന്ന ജല സ്രോതസും ഓർമ്മയായി. ഇരിപ്പൂകൃഷി ചെയ്തിരുന്ന ഇവിടെ കൃഷി മുടങ്ങി​. 100 ഏക്കറോളം വരുന്ന വയലുകൾ തരിശായി​. ഇവിടേക്ക് വെള്ളം എത്തിക്കാൻ മൈനർ ഇറിഗേഷൻ പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി ഉഴുവത്ത്‌ ദേവിക്ഷേത്രത്തിന് സമീപം നിർമ്മിച്ച പമ്പ് ഹൗസും മോട്ടോറുകളും നശിച്ചു. മഞ്ഞനിക്കര പള്ളിയറക്കാവിന് സമീപം വരെ പണിത ബണ്ടും ഉപയോഗശൂന്യമായി.

രേഖകളിൽ 40കുളങ്ങൾ

ഓമല്ലൂർ കുറംചാലിനെ പ്രധാനമന്ത്രിയുടെ അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി മെമ്പർമാരും ഓമല്ലൂർ ഗ്രാമസംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.

'' കുളങ്ങളേറെയും മണ്ണി​ട്ടുനികത്തിയതാണ്. നിലവിലെ നീർച്ചാലുകൾ സംരക്ഷിക്കുന്നുണ്ട്.

ജോൺസൺ വിളവിനാൽ,

പഞ്ചായത്ത് പ്രസിഡന്റ്.

Advertisement
Advertisement