രാക്ഷസ കൊന്നയെ മുറിച്ചു നീക്കാനൊരുങ്ങി 'പൃഥ്വി റൂട്ട്സ് '

Saturday 11 May 2024 12:22 AM IST
konna

കോഴിക്കോട്: മനുഷ്യ- മൃഗ സംഘർഷത്തിന് ഇടയാക്കുന്ന വനത്തിനുള്ളിലെ അധിനിവേശ വൃക്ഷം 'രാക്ഷസ കൊന്ന' ശാസ്ത്രീയമായി മുറിച്ചുനീക്കുന്നതിന് ശ്രമദാനത്തിനിറങ്ങുകയാണ് കോഴിക്കോട് ശ്രീ രാമകൃഷ്ണ മിഷൻ ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടന പൃഥ്വി റൂട്സ്.

വനവിസ്തൃതി കൂട്ടുന്നതിന് വനംവകുപ്പ് വച്ചുപിടിപ്പിച്ച കൊന്ന വർഗത്തിൽപെട്ട ഈ വൃക്ഷം വളർന്നതോടുകൂടി സ്വാഭാവിക അടിക്കാടുകൾ നശിപ്പിക്കപ്പെട്ടു. മുള, ഈറ്റ ,പുൽവർഗ്ഗങ്ങൾ നശിച്ചതോടെ ആനകൾ,മാനുകൾ, കാട്ടുപോത്തുകൾ കൂട്ടത്തോടെ ജനവാസമേഖലയിലെ കൃഷി ഇടങ്ങളിലേയ്ക്ക് വന്നു തുടങ്ങി. കടുവ, പുലി തുടങ്ങിയ മാംസഭുക്കുകൾ അവയുടെ തീറ്റ അന്വേഷിച്ച് കാട്ടിൽ നിന്ന് നാട്ടിലേക്കുമിറങ്ങി. അതിവേഗം പടർന്നു വളരുന്ന ഈ വൃക്ഷത്തിന്റെ വ്യാപനം തടയുന്നതിനുള്ള ശാസ്ത്രീയ പരിഹാരം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമാകാൻ പീച്ചിയിലെ വന ഗവേഷണകേന്ദ്രം, കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് തുടങ്ങിയവർ രംഗത്തുണ്ട്. വനത്തിനുള്ളിലെ സ്വാഭാവിക ജലസ്രോതസ്സുകളും അന്യം നിൽക്കുന്നതിന് ഈ രാക്ഷസ കൊന്നയുടെ വ്യാപനം കാരണമാകുന്നു. അവശേഷിക്കുന്ന തൊലിയിൽ നിന്ന് പോലും പുതിയ തൈകൾ വളരുന്നു എന്ന കണ്ടത്തലിന് കൂടി പരിഹാരം തേടിയാണ് പൃഥ്വി റൂട്സ് ശ്രമദാനത്തിന് ഇറങ്ങുന്നത്.

ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമാകാൻ കാളാണ്ടിത്താഴം ദർശനം സാംസ്‌കാരികവേദി ഗ്രന്ഥശാല യന്ത്രവാൾ സമ്മാനിച്ചു. ഗ്രന്ഥശാല എം. എൻ. സത്യാർത്ഥി ഹാളിൽ ദർശനം ചെയർമാൻ കെ. കുഞ്ഞാലി സഹീറിൽ നിന്ന് പൃഥ്വി റൂട്ട്സ് പ്രതിനിധികളായ പി. വി. മഹേഷ്, കെ. പ്രണവ്, പി. അഭിജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പറമ്പിക്കുളം ടൈഗർ റിസർവ് മുൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നമ്പ്യാലത്ത് ബാബു മനുഷ്യവന്യമൃഗ സംഘർഷത്തിന്റെ കാരണങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ദർശനം പ്രതിനിധികളായ പി. ടി. സന്തോഷ്‌കുമാർ, സി. എച്ച്. സജീവ് കുമാർ, പി. ദീപേഷ് കുമാർ, ഇ. സോമൻ , ദർശനം കാർഷികവേദി കൺവീനർ ബെന്നി അലക്സാണ്ടർ , ലൈബ്രേറിയൻമാരായ വി. വിലാസിനി, വി. ജൂലൈന എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം. എ. ജോൺസൺ സ്വാഗതവും പി. വി. മഹേഷ് നന്ദിയും പറഞ്ഞു.

Advertisement
Advertisement