അനധികൃത മത്സ്യബന്ധനം തീരം ആശങ്കയിൽ

Saturday 11 May 2024 12:23 AM IST
fish

@മത്സ്യലഭ്യതയിൽ 80 ശതമാനത്തോളം കുറവ്

കോഴിക്കോട്: മത്തിയും അയലയും കണി കാണാനില്ല,​ കടൽ മടക്കം വെറും കെെയോടെ. അശാസ്ത്രീയമായ മത്സ്യബന്ധനം വെല്ലുവിളിയായതോടെ മത്സ്യസമ്പത്ത് കുറഞ്ഞ് തീരം വറുതിയുടെ ആശങ്കയിൽ. കടലിൽ ദിവസങ്ങൾ ചെലവഴിച്ചാലും വലയിൽ വീഴുന്നത് തുച്ഛമായ മീനുകൾ മാത്രം. കഴിഞ്ഞ ഏതാനും മാസങ്ങളായി മത്സ്യലഭ്യതയിൽ 80 ശതമാനത്തോളം കുറവാണുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.

അശാസ്ത്രീയമായ മത്സ്യബന്ധനം മൂലം കടലിലെ മത്സ്യസമ്പത്ത് പൂർണമായി ഇല്ലാവുകയാണ്. ചെറുബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും ഓരോ സീസണിലും ലഭിച്ചിരുന്ന മത്സ്യങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാത്രിയിൽ അടിത്തട്ടിൽ ലൈറ്റ് ഉപയോഗിച്ചുകൊണ്ട് മത്സ്യബന്ധനം നടത്തുന്നതും വലിയ ബോട്ടുകാരുടെ ഡബിൾ നെറ്റ് (പെയർ ട്രാളിംഗ്) ഉപയോഗിച്ചുള്ള മത്സ്യബന്ധനവുമാണ് മത്സ്യസമ്പത്ത് കുറയാൻ കാരണം. ഇതിന്റെ ഫലമായി ചെറുമത്സ്യങ്ങളും മത്സ്യഭക്ഷണങ്ങളും നശിക്കുന്നു. മത്സ്യങ്ങളുടെ കുറവ് കാരണം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും രാത്രി മത്സ്യബന്ധനം പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ബോട്ടുകാർ അശാസ്ത്രീയമായ രീതിയിൽ മത്സ്യബന്ധനം നടത്തി തീരദേശ മേഖലയെ നശിപ്പിക്കുകയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ മിക്ക ദിവസങ്ങളിലും തൊഴിലാളികൾക്ക് ചെലവുകാശുപോലും ലഭിക്കാത്ത സ്ഥിതിയാണ്. കടബാദ്ധ്യത കാരണം പല തൊഴിലാളികളുടെയും വീടുകൾ ജപ്തി ഭീഷണിയിലും ചിലർ ആത്മഹത്യയുടെ വക്കിലുമാണ്. മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിനായി ചോമ്പാല പരമ്പരാഗത മത്സ്യതൊഴിലാളി ഏകോപനസമിതി, ജില്ലാ കളക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ, ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ, കോസ്റ്റൽ പൊലീസ്, കോസ്റ്റ് കാഡ് എന്നിവർക്ക് പരാതി നൽകി.

@ ആനുകൂല്യങ്ങൾ നിലച്ചു

1. 23 രൂപയ്ക്ക് ലഭിച്ചിരുന്ന മണ്ണെണ്ണ നിലവിൽ 100രൂപയ്ക്കാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. സബ്‌സിഡിപോലും ലഭിക്കുന്നില്ല.

2. മത്സ്യയാനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് വർദ്ധിപ്പിച്ചതും തിരിച്ചടിയായി.

3. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും കിട്ടിയിരുന്ന ഭവന പദ്ധതികളെല്ലാം നിർത്തലാക്കി.

4. സമ്പാദ്യസമാശ്വാസ പദ്ധതിയും, തണൽ പദ്ധതിയും സമയബന്ധിതമായി ലഭിക്കുന്നില്ല.

തീരദേശം വറുതിയുടെ പിടിയിലമർന്നിട്ട് മാസങ്ങളായി. അശാസ്ത്രീയ മത്സ്യബന്ധനമാണ് മത്സ്യസമ്പത്തിനെ ഇല്ലാതാക്കുന്നത്. ഇതൊഴിവാക്കാനായി കോസ്റ്റൽ പൊലീസും കോസ്റ്റൽ ഗാഡും രാത്രികാല പട്രോളിംഗ് ശക്തമാക്കണം.

ചോമ്പാല പരമ്പരാഗത മത്സ്യതൊഴിലാളി

ഏകോപനസമിതി

Advertisement
Advertisement