ഗുരുവരാശ്രമ തീർത്ഥാടന പ്രതിഷ്ഠാ മഹോത്സവം 13 മുതൽ

Saturday 11 May 2024 12:24 AM IST
guru

കോഴിക്കോട്: ഗുരുദേവ പാദ സ്പർശത്താൽ ധന്യമായതും ഗുരുദേവ ശിഷ്യൻ ദിവ്യശ്രീ ചൈതന്യ സ്വാമികൾ 1918 ൽ സ്ഥാപിച്ചതുമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രഥമ ഗുരുവരാശ്രമ തീർത്ഥാടന - പ്രതിഷ്ഠാ മഹോത്സവം 13, 14,15 തിയതികളിൽ നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡന്റ് ഷനൂപ് താമരക്കുളവും അറിയിച്ചു. കൊടിയേറ്റം ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികളുടെ കാർമികത്വത്തിൽ നടന്നു. 13ന് വൈകിട്ട് അഞ്ചിന് വരയ്ക്കൽ കടപ്പുറത്തു നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. 6.30ന് ഗുരുവരശ്രമത്തിൽ സജ്ജമാക്കിയ രാരിച്ചൻ മൂപ്പൻ നഗറിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. പി.വി.ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ, ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധതീർത്ഥ എന്നിവർ പ്രഭാഷണം നടത്തും. 14ന് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പുലർച്ചെ മുതൽ വിശേഷാൽ ഗുരുപൂജ , മഹാ ശാന്തി ഹവനം,കലശ പൂജ കലശാഭിഷേകം , അന്നദാനം,മഹാ സർവൈശ്വര്യ പൂജ എന്നിവ നടക്കും . 13, 14, തിയതികളിൽ രാത്രി വിവിധ കലാപരിപാടികളും അരങ്ങേറും.
15ന് തീർത്ഥാടന സമാപനവും എസ്. എൻ. ഡി. പി യോഗം സ്ഥാപക ദിനാഘോഷവും നടക്കും. റിട്ട. ആർ. ഡി. ഒയും ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടറുമായ വിജയലാൽ നെടുങ്കണ്ടം ഉദ്ഘാടനം നിർവഹിക്കും. ചാലക്കുടി ഗായത്രി ആശ്രമത്തിലെ ഗുരുദർശന രഘന മുഖ്യ പ്രഭാഷണം നടത്തും. ബാബുരാജ് ശർമ്മ, എ പി മുരളീധരൻ , ബാബു പൂതമ്പാറ എന്നിവർ പ്രസംഗിക്കും.

Advertisement
Advertisement