സ്വന്തം കെട്ടിടമായില്ല; അസൗകര്യങ്ങൾക്ക് നടുവിൽ പബ്ലിക് ഹെൽത്ത് ലാബ്

Friday 10 May 2024 11:48 PM IST

മലപ്പുറം: അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി കോട്ടപ്പടിയിൽ കണ്ടെത്തിയ സ്ഥലം എട്ടു മാസമായിട്ടും വിട്ടുനൽകാതെ വിദ്യാഭ്യാസ വകുപ്പ്. കോട്ടപ്പടിയിലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് പിറകിലെ 25 സെന്റ് സ്ഥലം ലാബിനായി വിട്ടുനൽകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക വിദ്യാഭ്യാസ വകുപ്പിന് സെപ്തംബറിൽ അപേക്ഷ നൽകിയിരുന്നു. ലാബിന് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയാൻ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിക്കേണ്ടതുണ്ട്. ഏപ്രിൽ 29ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിൽ തീരുമാനമെടുത്ത ശേഷം റവന്യൂ വകുപ്പിലേക്കും തുടർന്ന് ആരോഗ്യവകുപ്പിലേക്കും സ്ഥലം കൈമാറും. ഇതിന് എത്ര കാലതാമസം വരുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ മറുപടിയില്ല.

കോട്ടപ്പടിയെങ്കിൽ തിരക്ക് കൂടും

  • നിലവിൽ സിവിൽ സ്റ്റേഷനിലെ കൃഷി വകുപ്പിന്റെ പഴയ കെട്ടിടത്തിലാണ് പബ്ലിക് ഹെൽത്ത് ലാബ് പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ തീരെ കുറവാണ്.
  • സ്വകാര്യ ലാബുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. സിവിൽ സ്റ്റേഷന് ഉള്ളിലാണ് ലാബ് എന്നതിനാൽ ഇവിടെ ആളുകൾ എത്തുന്നത് കുറവാണ്.
  • ലാബ് കോട്ടപ്പടിയിലേക്ക് മാറ്റുന്നതോടെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഉപകാരപ്രദമാവും.
  • രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ലാബിന്റെ പ്രവർത്തനം. ഷുഗർ, കൊളസ്‌ട്രോൾ, ലിവർ -കിഡ്നി ഫംഗ്ഷൻ ടെസ്റ്റുകൾ, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ രോഗാണു നിർണ്ണയ പരിശോധനയും ഇവിടെയുണ്ട്.
  • 2018 നവംബർ 19ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പബ്ലിക് ഹെൽത്ത് ലാബ് ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ലാബിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിട്ടില്ല.

കെ.പി.രമേശ് കുമാർ,​ ഡി.ഡി.ഇ

Advertisement
Advertisement