ഇരുന്നൂറു മേനി

Saturday 11 May 2024 12:10 AM IST

ശുഭ്മാൻ ഗില്ലിനും (104), സായ് സുദർശനും (103) സെഞ്ച്വറി

ചെന്നൈ സൂപ്പർ കിംഗ്സിനെ 35 റൺസിന് കീഴടക്കി ഗുജറാത്ത്

അഹമ്മദാബാദ് : ചെന്നൈയ്ക്ക് എതിരായ ഐ.പി.എൽ മത്സരത്തിൽ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും (104) സായ് സുദർശനും (103) സെഞ്ച്വറികളുമായി അടിച്ചുകസറിയതോടെ ഗുജറാത്ത് ടൈറ്റാൻസിന്35 റൺസിന്റെ മികച്ച വിജയം. ഇന്നലെ അഹമ്മദാബാദിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ടൈറ്റാൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട‌ത്തിൽ 231 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 196/8 എന്ന സ്കോറിലേ എത്താനായുള്ളൂ. ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ടൈറ്റാൻസ് എട്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ചെന്നൈ 12 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ റുതുരാജ് ഗേയ്‌ക്ക്‌വാദ് ടൈറ്റാൻസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പ്ളേ ഓഫിലെത്താൻ എന്തെങ്കിലും സാദ്ധ്യത നിലനിറുത്തണമെങ്കിൽ വലിയ മാർജിനിൽ വിജയം അനിവാര്യമായിരുന്ന ടൈറ്റാൻസിനായി ഓപ്പണിംഗിന് ഇറങ്ങിയ നായകൻ ഗില്ലും സായ് സുദർശനും തകർത്തടിച്ചു. 17.2 ഓവറിൽ 210 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ആദ്യ ആറോവർ പവർ പ്ളേയിൽ 58 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. പത്താം ഓവറിൽ ടീം 100 റൺസും 13-ാം ഓവറിൽ 150 റൺസും ക‌ടന്നുമുന്നേറി. 17-ാം ഓവറിലാണ് ഗിൽ സെഞ്ച്വറി തികച്ചതും ടീം 200ലെത്തിയതും. 50 പന്തുകളിൽ നിന്നാണ് ഗിൽ ശതകം തികച്ചത്. അടുത്ത ഓവറിൽ സായ് നൂറ് തികയ്ക്കുകയും ഗില്ലും സായ്‌യും പുറത്താവുകയും ചെയ്തു.

51 പന്തുകളിൽ അഞ്ച് ഫോറുകളും ഏഴ് സിക്സുകളുമടക്കം 103 റൺസ് നേടിയ സായ് സുദർശൻ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ശിവം ദുബെയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. 55 പന്തുകളിൽ ഒൻപത് ഫോറും ആറ് സിക്സുമടിച്ച ഗുജറാത്ത് ടൈറ്റാൻസ് നായകനെ ജഡേജയാണ് പിടികൂടിയത്. തുടർന്നിറങ്ങിയ ഡേവിഡ് മില്ലർ 16 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഷാറുഖ് ഖാൻ (2) അവസാന പന്തിൽ റൺഔട്ടായി.

മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് രചിൻ രവീന്ദ്ര (1), അജിങ്ക്യ രഹാനെ (1), റുതുരാജ് (0) എന്നിവരെ മൂന്നോവറിൽ 10 റൺസെടുക്കുന്നതിനിടെ നഷ്ടമായത് വലിയ തിരിച്ചടിയായി. തുടർന്ന് ഡാരിൽ മിച്ചലും (63), മൊയീൻ അലിയും (56) നാലാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്തെങ്കിലും മോഹിത് ശർമ്മ ഇരുവരെയും ശിവം ദുബെയേയും (21) പുറത്താക്കിയതോടെ ചേസിംഗിന്റെ മുനയൊടിഞ്ഞു. ധോണി 11 പന്തുകളിൽ മൂന്ന്സിക്സടക്കം 26 റൺസുമായി പുറത്താകാതെ നിന്നു.

1

ഗില്ലിന്റെയും സായ്‌യുടെയും ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്.സായ് സുദർശന്റെ കരിയറിലെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയുംഇതാണ്.

4

ഐ.പി.എൽ കരിയറിൽ ഗില്ലിന്റെ നാലാം സെഞ്ച്വറി

210

ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന ക്വിന്റൺ ഡികോക്കിന്റെയും കെ.എൽ രാഹുലിന്റെയും റെക്കാഡിനൊപ്പം ഗില്ലും സായ്‌യും എത്തി.

1000

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന സച്ചിന്റെയും റുതുരാജിന്റേയും റെക്കാഡ് (31 മത്സരങ്ങളിൽ നിന്ന്) തന്റെ 25-ാം മത്സരത്തിൽ സായ് സുദർശൻ മറികടന്നു.

Advertisement
Advertisement