മഴയിൽ ഇടിഞ്ഞുതാഴില്ല റോഡിന് കരുത്തേകി ജിയോസെൽ ടാറിംഗ്

Saturday 11 May 2024 12:11 AM IST

കേരളത്തിൽ ആദ്യം തൃശൂരിൽ

തൃശൂർ: മഴയിൽ അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ തകരുന്നതിന് പരിഹാരമായ ജിയോസെൽ ടാറിംഗ് കേരളത്തിലും. ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്)​ അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണിത്. തീരദേശ റോഡുകൾക്കും മറ്റു റോഡുകളിൽ സ്ഥിരമായി വെള്ളക്കെട്ടുള്ളിടത്തും ഈ രീതി ആശ്വാസമാകും. ജിയോ സെൽ ടാറിംഗ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്.

സംസ്ഥാനത്ത് ആദ്യമായി ജിയോ ടെക്‌സ്റ്റൈൽ (ജിയോ സെൽ)​ ഉപയോഗിച്ചുള്ള റോഡുപണി തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കേച്ചേരി ബൈപാസിൽ പുരോഗമിക്കുന്നു. വിഴിഞ്ഞം ഷിപ്പ് യാർഡിലും ഉപയോഗിക്കും.

തേനീച്ചക്കൂടിന്റെ അറകൾ പോലുള്ള ജിയോസെൽ കള്ളികൾ റോഡിൽ അടുക്കി മെറ്റലും എം സാൻഡും കലർന്ന മിശ്രിത്രം (വെറ്റ്മിക്‌സ് മെക്കാഡം)​ നിറയ്ക്കും. ഇത് മണ്ണിൽ ഉറച്ച ശേഷം അതിനുമീതെയാണ് ടാറിംഗ്.

മണ്ണ് ഇടിച്ചുറപ്പിച്ച് ബലപ്പെടുത്തിയ ശേഷമാണ് ജിയോ സെല്ലുകൾ വിരിക്കുന്നത്.

കേച്ചേരി ബൈപാസിൽ മൊത്തം 10 കിലോമീറ്റർ റോഡിൽ പാടത്തിന് നടുവിലൂടെയുള്ള 1.2 കിലോമീറ്ററിലാണ് ജിയോ സെൽ ഉപയോഗിക്കുന്നത്. മഴക്കാലത്ത് ഗതാഗതം തടസപ്പെടുന്ന റോഡാണിത്. സ്ക്വയർ മീറ്ററിന് 650 രൂപ നിരക്കിൽ മഹാരാഷ്ട്രയിൽ നിന്നാണ് കൊണ്ടുവരുന്നത്. 48.59 കോടിയാണ് റോഡിന് ചെലവ്.

സംരക്ഷണഭിത്തിക്കും

കരുത്തേകും

 ഹൈവേ നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന എൻജിനിയർമാരുടെ അപ്പക്സ് ബോഡിയായ ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് അംഗീകരിച്ചത്

 പാർക്കിംഗ് സ്ഥലങ്ങൾ, പാലത്തിന്റെ ഭാഗങ്ങൾ, സംരക്ഷണഭിത്തി എന്നിവ ബലപ്പെടുത്താൻ ഉപയോഗിക്കാം. ചരിഞ്ഞ റോഡിൽ മണ്ണൊലിപ്പ് തടയാം

 മെറ്റലും ടാറും അടക്കമുള്ള അസംസ്‌കൃതവസ്തുക്കൾ കുറയ്ക്കാം. ജിയോസെൽ പ്ളാസ്റ്റിക് ഉത്പന്നമാണെങ്കിലും റോഡിന് അടിയിലായതിനാൽ മലിനീകരണ പ്രശ്‌നമില്ല

വെള്ളക്കെട്ടുണ്ടാകുന്ന റോഡുകൾക്ക് അനിവാര്യമാണ് ജിയോ സെൽ ടാറിംഗ്

ഇ.ഐ.സജിത്ത്
എക്‌സി.എൻജി, കെ.ആർ.എഫ്.ബി.

Advertisement
Advertisement