സി​.ഐ.ടി​.യു സഹകരി​ച്ചു.... പ്രതിഷേധങ്ങൾക്കിടെ കൊല്ലം ചടയമംഗലത്ത് ഡ്രൈവിംഗ് ടെസ്റ്റ്

Saturday 11 May 2024 12:11 AM IST

പങ്കെടുത്ത 16 പേരിൽ ആറ് പേർ വി​ജയി​ച്ചു

കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ കഴി​ഞ്ഞ 2 മുതൽ നടക്കുന്ന ബഹിഷ്കരണ സമരങ്ങൾക്കിടെ, ചടയമംഗലത്ത് ഇന്നലെ ടെസ്റ്റ് നടന്നു. സ്ലോട്ട് ലഭി​ച്ച 30 പേരിൽ 16 പേർ പങ്കെടുത്തു. ആറു പേർ മാത്രം വി​ജയി​ച്ചു.

നേരത്തെ സമരത്തിൽ നിന്നു പിന്മാറിയ സി.ഐ.ടി.യുവി​ൽ ഉൾപ്പെട്ട ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഇൻസ്ട്രക്ടർമാരുമാണ് ടെസ്റ്റിന് നേതൃത്വം നൽകി​യത്. ഈ പ്രദേശത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകളെല്ലാം സി.ഐ.ടി.യുവി​ൽ ഉൾപ്പെട്ടവരായതിനാൽ പ്രതിഷേധങ്ങളും എതിർപ്പുകളും ഉണ്ടായില്ല. എച്ചും എട്ടും എടുക്കുന്നതിന് മുൻപ് റോഡ് ടെസ്റ്റ് നടത്തണമെന്ന പരിഷ്കാരം മാത്രമാണ് ഇവിടെ നടപ്പാക്കിയത്. അതേ സമയം കൊല്ലം ജില്ലയിലെ മറ്റെല്ലാ കേന്ദ്രങ്ങളിലും ടെസ്റ്റ് ബഹിഷ്കരിച്ച് ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

സ്വന്തം കാറി​ലെത്തി​ വി​ജയി​ച്ചു

കൊല്ലം ആർ.ടി ഓഫീസിന്റെ കീഴിലുള്ള ജില്ലാ കേന്ദ്രത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രമായ ആശ്രാമം മൈതാനത്ത് ഇന്നലെ ഒരാൾ സ്വന്തം കാറുമായെത്തി ടെസ്റ്റിൽ പങ്കെടുത്ത് പാസായി. പ്രതിഷേധക്കാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ടെസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചില്ല.

Advertisement
Advertisement