കുഞ്ഞു ഹൃദയങ്ങൾക്ക് സാന്ത്വനമേകി 'ഹൃദ്യം'

Saturday 11 May 2024 12:12 AM IST

ഇതുവരെ ശസ്ത്രക്രിയയ്ക്ക് വിധേയരായത് 7,335 കുട്ടികൾ

കൊല്ലം: ജന്മനാ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ഹൃദ്യം പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ നടത്തി​യത് 7,335 ശസ്ത്രക്രിയകൾ. 2017 ആഗസ്റ്റ് മുതൽ 2024 മേയ് വരെ 21,379 കുട്ടികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 2024 ജനുവരി മുതൽ മേയ് വരെ 306 കുട്ടികൾ ശസ്ത്രക്രിയയ്ക്ക് വിധേയരായി​. 115 പേർ നവജാത ശിശുക്കളാണ്.

ചെലവേറിയ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സ സാധാരണക്കാർക്കു കൂടി ലഭ്യമാക്കാനും ഗർഭസ്ഥ ശിശു മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാനുമായി​ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ആർക്കും അപേക്ഷിക്കാം. സർക്കാർ ആശുപത്രികൾക്ക് പുറമേ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ഹൃദ്യം പദ്ധതി പ്രകാരം ചികിത്സ ലഭിക്കും. പി​ന്നീടുള്ള മരുന്നുകൾ ശസ്ത്രക്രിയ നടന്ന ആശുപത്രിയിൽ നിന്ന് ഒരുവർഷം വരെ ലഭിക്കും. എംപാനൽ ചെയ്ത ഏഴ് ആശുപത്രികളിൽ എവിടെ ശസ്ത്രക്രിയ നടത്തണമെന്നത് മാതാപിതാക്കൾക്ക് തീരുമാനിക്കാം.

ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകാൻ ഐ.സി.യു ആംബുലൻസ് സംവിധാനവും സൗജന്യമായാണ് നൽകുന്നത്.

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളുള്ള കുട്ടികളിൽ എക്കോടെസ്റ്റ് ഉൾപ്പെടെ നടത്തി രോഗം കണ്ടെത്തും. ഗർഭസ്ഥ ശിശുവിനാണ് പരിശോധന നടത്തുന്നതെങ്കിൽ എട്ടാം മാസത്തിലെ സ്‌കാനിംഗിനൊപ്പം നടത്തുന്ന ഫീറ്റൽ എക്കോടെസ്റ്റിൽ ഹൃദയസംബന്ധമായ തകരാർ ഉണ്ടെങ്കിൽ അറിയാനാവും. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കും ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ ചികിത്സയുണ്ട്.

രജിസ്‌ട്രേഷൻ ലളിതം

1. ഹൃദ്രോഗ സാദ്ധ്യത കണ്ടെത്തിയ കുട്ടികളുടെ വിവരങ്ങൾ https://hridyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം

2. കുട്ടികളുടെ മാതാപിതാക്കൾക്ക് സ്വയം രജിസ്‌ട്രേഷൻ നടത്താം

3. ആർ.ബി.എസ്.കെ നഴ്സുമാരുടെ സഹായത്തോടെയും രജിസ്റ്റർ ചെയ്യാം

4. ഗർഭസ്ഥ ശിശുവിനാണ് രോഗസാദ്ധ്യതയെങ്കിൽ ഫീറ്റൽ രജിസ്‌ട്രേഷൻ നടത്തണം

5. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ മൂന്ന് വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ പാനൽ പരിശോധിക്കും


കൊല്ലത്ത് ഹൃദ്യം പദ്ധതി (2017 മുതൽ 2024 മേയ് വരെ)

 രജിസ്റ്റർ ചെയ്തത്: 1979

 ശസ്ത്രക്രിയകൾ: 341

ഹൃദ്യം സംസ്ഥാന തലത്തിൽ


രജിസ്റ്റർ ചെയ്തവർ: 21,379 (2017 ആഗസ്റ്റ് മുതൽ 2024 മേയ് വരെ)

ശസ്ത്രക്രിയകൾ: 7,335

ശസ്ത്രക്രിയകൾ 2024ജനുവരി മുതൽ മേയ് വരെ: 82

Advertisement
Advertisement