പുതിയ കോച്ചിനെത്തേടി ബി.സി.സി.ഐ

Saturday 11 May 2024 12:15 AM IST

മുംബയ് : ട്വന്റി-20 ലോകകപ്പിന് ശേഷം കരാർ അവസാനിക്കുന്ന രാഹുൽ ദ്രാവിഡിന് പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്താൻ ബി.സി.സി.ഐ ശ്രമം തുടങ്ങി. പുതിയ പരിശീലകനുവേണ്ടിയുള്ള പരസ്യം ഉടനുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

2021 നവംബറിൽ പരിശീലസ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെ കാലാവധി 2023 ഏകദിന ലോകകപ്പിനു ശേഷം അവസാനിച്ചിരുന്നു. സ്ഥാനമൊഴിയുകയാണെന്ന് ദ്രാവിഡ് ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്വന്റി-20 ലോകകപ്പ് വരെ തുടരണമെന്ന ബി.സി.സി.ഐയുടെ അഭ്യർത്ഥന ദ്രാവിഡ് മാനിക്കുകയായിരുന്നു. ലോകകപ്പിന് ശേഷം ദ്രാവിഡ് മാറുമെന്ന ശക്തമായ സൂചനയുള്ളതിനാലാണ് ബി.സി.സി.ഐ ചട്ടപ്രകാരം പുതിയ കോച്ചിനെതേടുന്നത്. എന്നാൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ ദ്രാവിഡിന് വീണ്ടും അപേക്ഷ നൽകാമെന്ന് ജയ് ഷാ അറിയിച്ചു. വിദേശ പരിശീലകനെ കൊണ്ടുവരാനുള്ള സാധ്യതയും ഷാ തള്ളിക്കളഞ്ഞില്ല. പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളെ മുഖ്യപരിശീലകനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

Advertisement
Advertisement