ഭൂമി തരംമാറ്റം: ക്രമക്കേട് സർക്കാരിനെ അറിയിക്കും

Saturday 11 May 2024 12:16 AM IST

തിരുവനന്തപുരം: 'ഓപ്പറേഷൻ കൺവെർഷൻ' എന്ന പേരിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഭൂമി തരംമാറ്റത്തിലെ വമ്പൻ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകും. സ്വകാര്യ ഏജൻസികളും റവന്യു വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെട്ട മാഫിയയാണ് തരംമാറ്റ നടപടികൾ അട്ടിമറിക്കുന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

പാലക്കാട്-166, തൃശൂർ-154, ചെങ്ങന്നൂർ-93, നെടുമങ്ങാട്-86, മൂവാ​റ്റുപുഴ-66, പുനലൂർ-44, ഫോർട്ട് കൊച്ചി-21, പെരിന്തൽമണ്ണ-19, കോട്ടയം-14, ഒ​റ്റപ്പാലം-13 എന്നിങ്ങനെ വിവിധ ആർ.ഡി ഓഫീസുകളിൽ നടന്ന ക്രമക്കേടുകളുടെ വിവരങ്ങളും സർക്കാരിന് കൈമാറും. റവന്യു വകുപ്പും ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. അതിനു ശേഷമാവും തുടർനടപടികൾ.

2017നു ശേഷം ആധാരംചെയ്ത വസ്തുക്കൾവരെ തരംമാ​റ്റിയിട്ടുണ്ടെന്നും കോട്ടയത്തും പെരിന്തൽമണ്ണയിലും മോണിറ്ററിംഗ് സമിതിയുടെ ശുപാർശ മറികടന്ന് തരംമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്ന സംവിധാനം രണ്ടുവർഷം മുൻപ് നടപ്പായിട്ടും മുൻഗണനാക്രമം തെറ്റിച്ചും ചട്ടവിരുദ്ധമായും ഇടപാടുകൾ നടന്നതായും കണ്ടെത്തി. 50 സെന്റ് തരംമാറ്റാൻ 10 ശതമാനം ജലസംഭരണത്തിന് മാറ്റണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെക്കുറിച്ച് റവന്യു വകുപ്പും അന്വേഷിക്കും.

Advertisement
Advertisement