സ്വപ്‌നം നൽകിയ ടീച്ചർക്ക് ബ്രിജേഷിന്റെ ഗുരുദക്ഷിണ

Saturday 11 May 2024 2:01 AM IST

തിരുവനന്തപുരം: സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ 18കാരൻ ബ്രിജേഷ് ജോൺ കുരിയാക്കോസിന്റെ ജീവിതം മാറിമറിഞ്ഞത് രണ്ടുവർഷം മുമ്പാണ്. പരസഹായമില്ലാതെ നടക്കാനാവാത്ത അവൻ ഗാന്ധിജിയായും വൈക്കം മുഹമ്മദ് ബഷീറായും വേദിയിലെത്തി. സദസ് എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോൾ അഭിമാനത്തോടെ സവിത ടീച്ചർ പറഞ്ഞു. 'ഓൻ ന്റെ പൊന്നുമോനാ...

കട്ടിലിൽ ഒതുങ്ങിക്കൂടിയ ബ്രിജേഷിനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് പേട്ട ജി.ബി.എച്ച്.എസ്.എസിൽ സർവ ശിക്ഷാ സ്പെഷ്യൽ എഡ്യുക്കേറ്റർ സവിതയാണ്.പ്ലസ്ടുഫലം വന്നപ്പോൾ ഹ്യുമാനിറ്റീസിൽ എല്ലാ വിഷയങ്ങളിലും ജയിച്ച് ബ്രിജേഷ് ഗുരുദക്ഷിണ നൽകി.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ഭർത്താവ് സന്ദീപിന്റെ ജോലി സംബന്ധമായി 2022ൽ തിരുവനന്തപുരത്ത് വന്നപ്പോഴാണ് സവിത പേട്ട പള്ളിമുക്ക് സ്വദേശിയായ ബ്രിജേഷിനെ കാണുന്നത്. ബുധനാഴ്ച തോറും വീട്ടിലെത്തി ക്ലാസെടുത്തു. ഉത്സാഹം ഒട്ടുമില്ലാതിരുന്ന ബ്രിജേഷ് ആദ്യത്തെ രണ്ടുക്ലാസിനു ശേഷം ആവേശത്തോടെ ടീച്ചർക്കായി കാത്തിരുന്നു. അവ്യക്തമായി 'ടീച്ച....' എന്ന് വിളിച്ചുതുടങ്ങി. ഒരുദിവസം സവിത എത്തിയില്ലെങ്കിൽ മുഖം വാടും.

ടി.വിയിലെ സിനിമ ബ്രിജേഷ് ശ്രദ്ധിക്കുന്നത് കണ്ടപ്പോഴാണ് ഫാൻസി ഡ്രസിന് അവനെ പങ്കെടുപ്പിക്കാൻ സവിത ആലോചിച്ചത്. വ്യക്തമായി സംസാരിക്കാത്ത കുട്ടിക്ക് അത് സാധിക്കുമോയെന്ന് അച്ഛൻ കുര്യാക്കോസിനും അമ്മ സുനിതയ്ക്കും ആശങ്കയുണ്ടായിരുന്നു. വട്ടക്കണ്ണട വച്ച് മുണ്ടുടുത്ത് ഊന്നുവടിയുമായി 'രഘുപതി രാഘവ രാജാറാം..' എന്ന പശ്ചാത്തല ഗാനത്തോടെ അവൻ വേദിയിലെത്തി. സവിതയും സുനിതയും ഇടം വലം നിന്നു. അതിനുശേഷം പരിപാടി ഉണ്ടെന്ന് കേൾക്കുമ്പോഴെ ബ്രിജേഷ് ദിവസമെണ്ണി കാത്തിരിക്കും. ഇപ്പോൾ ബ്രിജേഷിന് സഭാകമ്പം തീരെയില്ല.നവകേരള സദസിലും കർഷകനായി വേദിയിലെത്തി കയ്യടിനേടി. സഹോദരി അനഘ (ടെക്നോപാർക്ക്).

പ്ലസ്ടുഫലം അറിഞ്ഞപ്പോൾ ബ്രിജേഷിന്റെ അടുത്തേക്ക് സവിത ഓടിയെത്തി. സ്ക്രൈബിനെ വച്ചാണ് പരീക്ഷയെഴുതിയത്.

ന്റെ മോൻ അമ്പാടിയെപ്പോലെ തന്നെയാണ് ബ്രിജേഷ്.

സവിത

Advertisement
Advertisement