ആശ്രിത നിയമനം:പ്രായ പരിധി വേണ്ടെന്ന് സംഘടനകൾ

Saturday 11 May 2024 2:03 AM IST

രണ്ടാഴ്ചയ്‌ക്കകം നിർദ്ദേശങ്ങൾ അറിയിക്കണം

തിരുവനന്തപുരം: ആശ്രിതനിയമന വ്യവസ്ഥകൾ മാറ്റിയ ഭരണപരിഷ്കാര വകുപ്പിന്റെ നിർദ്ദേശങ്ങളിൽ സർവീസ് സംഘടനകൾ രണ്ടാഴ്ചയ്‌ക്കകം അഭിപ്രായം അറിയിക്കണം. അതും പരിഗണിച്ച് കരടിൽ മാറ്റം വരുത്തി സർക്കാരിന് സമർപ്പിക്കും.

ഇന്നലെ സർവീസ് സംഘടനകളുടെ യോഗത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ സംഘടനകളുമായി വീണ്ടും ചർച്ച നടത്തും.

ജീവനക്കാരൻ മരിക്കുമ്പോൾ ആശ്രിതന് 13 വയസ് പൂർത്തിയായെങ്കിലേ നിയമനത്തിന് അർഹതയുണ്ടാവൂ എന്ന നിർദ്ദേശത്തോട് ഭരണ,​ പ്രതിപക്ഷ സംഘടനകൾ വിയോജിച്ചു. പ്രായപരിധി ഇല്ലാതെ നിയമനം നൽകണം. നിയമനം വേണ്ടാത്തവർക്ക് മാത്രം സമാശ്വാസധനം നൽകിയാൽ മതി. മരിച്ച ഉദ്യോഗസ്ഥന്റെ തസ്തിക നോക്കാതെ സമാശ്വാസമായി 25 ലക്ഷം രൂപ നൽകണം. ഇതിൽ കുടുംബത്തിന്റെ നിർദ്ദേശം പരിഗണിക്കണം.

ആശ്രിത നിയമന അപേക്ഷ ഓൺലൈനിൽ ആക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. നിലവിൽ, മരിച്ച ജീവനക്കാരന്റെ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. മാതൃവകുപ്പിൽ തന്നെ നിയമനം തുടരണം. ഒരു പോയിന്റിൽ മാത്രം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് അംഗീകരിക്കില്ല. നിശ്ചിത ടേൺ വേണ്ടെന്നും ഒരുമിച്ച് ഒഴിവ് കണക്കാക്കണമെന്നും ആവശ്യപ്പെട്ടു. യൂണിഫോം ജീവനക്കാർ ഡ്യൂട്ടിക്കിടെ മരിച്ചാൽ ആശ്രിതനുണ്ടെങ്കിൽ മുൻഗണന നോക്കാതെ നിയമനം നൽകണം. ആശ്രിതന് 50 വയസ് കഴിഞ്ഞെങ്കിൽ മുൻഗണന നോക്കാതെ നിയമനം നൽകണം. ആശ്രിതൻ മൈനറാണെങ്കിൽ, മേജറായി മൂന്ന് വർഷത്തിനുള്ളിൽ നിയമനത്തിന് അപേക്ഷിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ആറ് വർഷമായി ഉയർത്തണമെന്നും നിർദ്ദേശിച്ചു.

ചർച്ചയിൽ സി.പി.എം അനുകൂല കെ.എസ്.ടി.എ പ്രതിനിധിക്ക് മുൻഗണന നൽകിയതിനെ ജോയിന്റ് കൗൺസിൽ എതിർത്തത് തർക്കത്തിനിടയാക്കി. നൂറിലധികം പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ജോയിന്റ് സെക്രട്ടറി ലീനയും പങ്കെടുത്തു.

Advertisement
Advertisement