ഇത് ചതിയുടെ തന്ത്രം; സൂക്ഷിക്കുക, പാവങ്ങളുടെ ഈ യൂട്യൂബ് രക്ഷകരെ

Saturday 11 May 2024 2:06 AM IST

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് കുറച്ചു കാശ് നൽകി യൂട്യൂബിൽ ആഘോഷിക്കുന്ന ഇൻഫ്ലുവൻസർമാരെ വിശ്വസിക്കാൻ വരട്ടെ. അനധികൃത ബെറ്റിംഗ്, ഗെയിമിംഗ് ആപ്പുകളുടെ പ്രൊമോട്ടർമാരാണിവർ. ഇതുവഴി നല്ല പണവും നേടുന്നു.

വഴിയിൽ കാണുന്ന ക്ഷീണിതനായ വൃദ്ധനോടും ലോട്ടറി കച്ചവടക്കാരിയോടും ഇവർ ഏറ്റവും വലിയ ആഗ്രഹം ചോദിക്കും. വീട്, ലോൺ തിരിച്ചടവ് എന്നൊക്കെയാവും മറുപടി. അത്രയും തന്നെക്കൊണ്ട് ചെയ്യാനാവില്ലെന്നു പറഞ്ഞ് ആയിരമോ രണ്ടായിരമോ നൽകും. ഇത് ഷൂട്ട് ചെയ്ത് ചാനലിലിടും. ഇതു കണ്ട് ആരാധകരാകുന്നവ‌ർ ചാനൽ സബ്സ്ക്രൈബ് ചെയ്യും.

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഫോർ എ ബെറ്റ് അടക്കമുള്ള ആപ്പുകളെ പുകഴ്ത്തിപ്പറഞ്ഞാണ് കേരളത്തിൽ ഇൻഫ്ലുവൻസർമാർ പണം സമ്പാദിക്കുന്നത്. താൻ 2000 രൂപ ഇട്ടു, 20,000 ലഭിച്ചു എന്ന് തെളിയിക്കുന്ന സ്ക്രീൻഷോട്ടും കാണിക്കും. ആപ്പുകളുടെ റിവ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ കുറച്ച് പാവങ്ങൾക്ക് നൽകി അതിലൂടെ പണം കൊയ്യുകയാണ്. ചാനലിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി വരുമാനം പ്രമോഷനിലൂടെ കിട്ടും.

ബെറ്റിംഗ് തട്ടിപ്പ്

ബെറ്റിംഗ് ആപ്പിൽ ആദ്യം പണം ഇടുമ്പോൾ ഇരട്ടിത്തുക ലഭിക്കും. വീണ്ടും വലിയൊരു സംഖ്യ ഇടാൻ പ്രേരിപ്പിക്കും. എന്നാൽ, ഇത് ഇടുമ്പോൾ നേരത്തേയുള്ളതും നഷ്ടമാകും. 10,000 രൂപ നിക്ഷേപത്തിൽ വീട്ടിലിരുന്ന് സംരംഭം തുടങ്ങാൻ പ്രേരിപ്പിക്കുന്ന ആപ്പുകളുടെ പ്രധാന ലക്ഷ്യം വീട്ടമ്മമാരാണ്. 15 വയസിൽ താഴെയുള്ളവരും ഇരയാകുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട യൂട്യൂബറെ കുറ്റം പറയുന്നവരെ ഇവർ സൈബർ ആക്രമണം നടത്തും.

കേന്ദ്ര മുന്നറിയിപ്പ്

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്രിംഗ് മന്ത്രാലയം ഇത്തരം അനധികൃത ആപ്പുകൾ പ്രമോട്ട് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്.

സൈബർ ഹെല്പ് നമ്പർ 1930

Advertisement
Advertisement