കൊടകര കേസ്: ഇ.ഡിക്ക് പരിമിതികളുണ്ട്- ഹൈക്കോടതി

Saturday 11 May 2024 2:07 AM IST

കൊച്ചി: ഇ.ഡിക്ക് പരിമിതികളുണ്ടെന്നും സൂപ്പർ അന്വേഷണ ഏജൻസിയല്ലെന്നും കൊടകര കുഴൽപ്പണക്കേസിൽ അന്തിമറിപ്പോർട്ട് നൽകി മൂന്നുവർഷം കഴിഞ്ഞിട്ടും നടപടികൾ വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ (പി.എം.എൽ.എ) പ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.

പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷമാണ് ഇ.ഡി അന്വേഷണം. അനധികൃത മാർഗത്തിലൂടെയുള്ള പണം കണ്ടുകെട്ടുന്ന നടപടികളാണ് ഇ.ഡി സ്വീകരിക്കുന്നത്. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൻ നൽകിയ ഹർജി വിധി പറയാൻ മാറ്റി.


ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് ഇ.ഡി അറിയിച്ചു. കവർച്ചാകുറ്റത്തിന് കൊടകര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞവർഷം പി.എം.എൽ.എ പ്രകാരം കേസെടുത്തത്. ഒട്ടേറെപ്പേർ ആരോപണവിധേയരായ കേസിൽ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും ഇ.ഡി പറഞ്ഞു.

2021 ഏപ്രിൽ മൂന്നിന് കർണാടകയിൽ നിന്നെത്തിച്ച മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം തൃശൂർ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ ചില ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.

Advertisement
Advertisement