മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് മിസിംഗിന്റെ ചുരുളഴിയുന്നില്ല  യദുവിന്റെ മൊഴിയിൽ വൈരുദ്ധ്യമെന്ന് പൊലീസ് കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും ചോദ്യം ചെയ്തു

Saturday 11 May 2024 2:28 AM IST

ചോദ്യം ചെയ്യൽ രാത്രി 8 വരെ നീണ്ടു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിന്റെ യഥാർത്ഥചിത്രം വെളിവാക്കാൻ സഹായിക്കുന്ന മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ മൊഴിയിൽ വൈരുദ്ധ്യമെന്ന് പൊലീസ്. ഇതോടെ യദുവിനെ ഇന്നലെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് കമ്മീഷണർ ഓഫീസിലെത്തിച്ച് യദുവിനെ ചോദ്യം ചെയ്തത്. രാത്രി എട്ടുവരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡി.സി.പി നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വിവാദമായ കേസായതുകൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് കമ്മീഷണർ തന്നെ നേരിട്ട് യദുവിനെ ചോദ്യം ചെയ്തത്.

സി.സി.ടിവി ദൃശ്യങ്ങൾ പ്രകാരമായിരുന്നു ചോദ്യം ചെയ്യൽ. പാളയത്ത് മേയറും സംഘവും തടഞ്ഞപ്പോൾ ബസിൽ നിന്ന് ഇറങ്ങിയെന്നും വീണ്ടും കയറിയതായും യദു മുൻപ് പറഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ജാമ്യം കിട്ടിയശേഷം 29ന് യദു തമ്പാനൂർ ഡിപ്പോയിലെത്തിയെന്നും പൊലീസ് പറയുന്നു. ബസിനടുത്ത് യദുവിനെ കണ്ടതായും ഡ്രൈവർ നേരത്തെ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഇതോടെയാണ് വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നും ഡി.സി.പി. പി. നിധിൻ രാജ് പറഞ്ഞു.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ സുബിനെയും ഡിപ്പോയുടെ ചുമതലയുള്ള സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും ഇന്നലെ രാവിലെ മുതൽ ചോദ്യം ചെയ്തിരുന്നു. അതിരാവിലെയാണ് സുബിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വൈകിട്ടോടെയാണ് വിട്ടയച്ചത്. നിർത്തിയിട്ടിരുന്ന ബസിന്റെ സമീപത്ത് സുബിന്റെ സാന്നിദ്ധ്യം തമ്പാനൂർ ഡിപ്പോയിലെ സി.സി.ടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ, സി.സി.ടിവി മോണിറ്റർ മാത്രമാണ് നോക്കിയതെന്നും മെമ്മറി കാർഡിന്റെ കാര്യമറിയില്ലെന്നും കണ്ടക്ടർ പൊലീസിനോട് പറഞ്ഞു. ഇദ്ദേഹം ഒരാളെ മൊബൈൽഫോണിൽ വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിളിച്ചത് യദുവിനെയാണെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ടക്ടറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴികളിൽ സംശയിക്കത്ത വിവരങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, സ്റ്റേഷൻ മാസ്റ്റർ സജീവിനെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയെന്ന ആരോപണവുമായി ഭാര്യ ബിന്ദു രംഗത്തെത്തി. സ്റ്റേഷൻ മാസ്റ്ററെ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നതായും ബിന്ദു പറഞ്ഞു.

Advertisement
Advertisement