ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉത്തരവാദിത്വം: മന്ത്രി

Saturday 11 May 2024 2:46 AM IST

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോ.വന്ദനാ ദാസിന്റെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ആദര സൂചകമായി കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് ഡോ.വന്ദനാ ദാസിന്റെ പേര് നൽകി. വന്ദനയെ എക്കാലവും മലയാളികൾ ഓർക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിച്ചത്. പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണം. ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകാനുള്ള നടപടി പുരോഗമിക്കുന്നു. ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടവേളകളിൽ മോക് ‌‌‌‌ഡ്രിൽ സംഘടിപ്പിക്കും.

Advertisement
Advertisement