റബ്ബർ മരത്തിനിടയിൽ കാട്ടാനയും കുഞ്ഞും; 'പോടാ തിരിച്ച് പോടാ'യെന്ന് വനംവകുപ്പ്, പിന്നെ സംഭവിച്ചത്
കണ്ണൂർ: ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയും. ഇരിട്ടി ഡപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന ജീപ്പിന് നേരെയാണ് ആനകൾ പാഞ്ഞടുത്തത്. ഇന്നലെ വെെകിട്ട് ഫാമിലെ ആറാം ബ്ലോക്കിൽ വച്ചായിരുന്നു സംഭവം. ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, ഡ്രെെവർ അഭിജിത് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റബ്ബർ മരങ്ങളുടെ ഇടയിൽ നിൽക്കുന്ന ആനകളെ ഓടിക്കാൻ ഉദ്യാേഗസ്ഥർ ജീപ്പിലാണ് എത്തിയത്. കയറി പോകാൻ ആനയോട് പറയുമ്പോഴാണ് അത് ജീപ്പിന് അടുത്തേക്ക് പാഞ്ഞടുക്കുന്നത്. പെട്ടെന്ന് ജീപ്പ് പിറകിലേക്ക് എടുക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. കുട്ടി ഒപ്പം ഉണ്ടായിരുന്നതിനാൽ പല തവണ അമ്മയാന ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു. ആനയും കുട്ടിയും ഹെലിപ്പാട് മേഖലയിലേക്കാണ് പോയതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള 'ഓപ്പറേഷൻ എലിഫന്റ്' ദൗത്യം തുടരുകയാണ്. ഇതിനോടകം 10ഓളം കാട്ടാനകളെ വനത്തിലേക്ക് തുരത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസം ഒന്നാം ബ്ലോക്കിൽ കണ്ടെത്തിയ കുട്ടിയെയും നാല് പിടിയാനകളെയും കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേത്തിലേക്ക് കയറ്റി വിട്ടിരുന്നു. തിരിച്ച് ഫാമിലേക്ക് വരാതിരിക്കാൻ വെെദ്യുതി വേലി ചാർജ് ചെയ്തു.