ആനത്താവളത്തിൽ രോഗത്തോട് പോരാടി 18 വർഷം; കൊമ്പൻ ഗുരുവായൂർ മുകുന്ദൻ ചരിഞ്ഞു

Saturday 11 May 2024 1:41 PM IST

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കൊമ്പനാന മുകുന്ദൻ ചരിഞ്ഞു. 44 വയസുള്ള ആന ഏറെനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്‌തംബർ എട്ടിനാണ് മുകുന്ദനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്.

2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ലായിരുന്നു. ആനത്താവളത്തിനകത്ത് മുകുന്ദനെ സ്ഥിരമായി നടത്തിക്കാറുണ്ടായിരുന്നു. രണ്ടാഴ്‌ച മുമ്പ് തളർന്ന് വീണ കൊമ്പനെ ക്രെയിൻ ഉപയോഗിച്ചാണ് എഴുന്നേൽപ്പിച്ചത്.

ഇതിന് ശേഷം തീർത്തും അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തിൽ സംസ്‌കരിക്കുമെുന്ന് ദേവസ്വം അധികൃതർ അറിയിച്ചു. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.