ഇതാണോ കേരളത്തിൽ സംഭവിക്കാൻ പോകുന്നത്? വടക്കൻ ജില്ലക്കാർ കൂടുതൽ സൂക്ഷിക്കണം

Saturday 11 May 2024 2:56 PM IST

പ്രമാടം : മുൻ വർഷങ്ങളെ അപേക്ഷിച്ച് അളവിൽ വലിയ കുറവുണ്ടായെങ്കിലും സംസ്ഥാനത്ത് ഇത്തവണ കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. പത്തനംതിട്ടയിൽ ഇതുവരെ 189 മില്ലീമീറ്റർ വേനൽ മഴ ലഭിച്ചു.

ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 45 ശതമാനത്തോളം കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകളിൽ പത്തനംതിട്ടയ്ക്ക് തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. ഇവിടെ 163 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം വടക്കൻ കേരളത്തിൽ 98 ശതമാനം വരെ മഴയുടെ കുറവുണ്ടായി. വർഷങ്ങളായി വേനൽമഴയിൽ പത്തനംതിട്ട തന്നെയാണ് മുന്നിൽ.

മഴയുടെ അളവ് കുറഞ്ഞതോടെ നാട് വെന്തുരുകുകയാണ്. ശരാശരി പകൽ താപനില ജില്ലയിൽ 36 - 38 ഡിഗ്രിയാണ്. അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭജലനിരപ്പും താഴുന്നുണ്ട്. ഇടവപ്പാതിയിൽ അധിക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രതീക്ഷ. ചില പ്രദേശങ്ങളിൽ ഇടവിട്ട് മഴ ലഭിക്കുന്നത് ചൂടിന്‌ നേരിയ ആശ്വാസമാണെങ്കിലും ജലക്ഷാമത്തിന് പരിഹാരമായിട്ടില്ല.

വീണ്ടും ചൂടുകൂടാം
മഴ കുറഞ്ഞാൽ വീണ്ടും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ സൂര്യതപമേ​റ്റുള്ള അപകടങ്ങൾക്ക് കാരണമാകും. ജില്ലയിൽ പത്ത് വളർത്തുമൃഗങ്ങൾ സൂര്യതപമേറ്റ് ചത്തു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. ഇടവപ്പാതിയിൽ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

Advertisement
Advertisement