'മോദിയെക്കുറിച്ച് പറഞ്ഞത് രാഹുലിന് ഇഷ്ടമായില്ല, അകൽച്ചയ്ക്ക് കാരണമായി; കെ.സി അടക്കമുള്ളവർ ഇടപെട്ട് സീറ്റ് നിഷേധിച്ചു'

Saturday 11 May 2024 3:21 PM IST

കോൺഗ്രസുമായും രാഹുൽ ഗാന്ധിയുമായും അകൽച്ചയിലേക്ക് പോകാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെവി തോമസ്. 2018ൽ എറണാകുളത്ത് നടന്ന പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളും മാദ്ധ്യമങ്ങൾ അത് ഏറ്റെടുത്ത രീതിയുമാണ് കോൺഗ്രസുമായുള്ള അകൽച്ചയ്ക്ക് പ്രധാന കാരണമെന്ന് കെവി തോമസ് പറയുന്നു. സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.

കെവി തോമസിന്റെ വാക്കുകളിലേക്ക്...

'എറണാകുളത്ത് 2018ൽ നടന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ഒരു സമ്മേളനമുണ്ടായിരുന്നു. അന്ന് ഇന്ത്യയെക്കുറിച്ചാണ് ചർച്ച നടന്നത്. അന്ന് കേന്ദ്ര കൊമേഴ്സ് മിനിസ്റ്റർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒപ്പം ഞാനുമുണ്ടായിരുന്നു. മന്ത്രി സ്വഭാവികമായി കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. നോട്ട് റദ്ദാക്കിയത്, ജിഎസ്ടി നടപ്പിലാക്കിയത്, മറ്റ് പല കാര്യങ്ങളും അദ്ദേഹം പറഞ്ഞു. രണ്ടാമത് ഞാനായിരുന്നു പ്രസംഗിക്കേണ്ടത്'.

'അന്ന് അവിടെ വച്ച് ഞാൻ പറഞ്ഞു, എനിക്ക് എന്റെ സഹപ്രവർത്തകനോട് യോജിക്കാനാവില്ല. നമ്മുടെ പ്രധാനമന്ത്രി മോശം ഭരണാധികാരിയാണ് എന്നാൽ അദ്ദേഹം നല്ലൊരു മാനേജറാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എങ്ങനെയാണ് നോട്ട് നിരോധനത്തെ മാനേജ് ചെയ്തത്, എങ്ങനെയാണ് അദ്ദേഹം ജിഎസ്ടി കൊണ്ടുവന്നപ്പോഴുണ്ടായ പ്രശ്നം മാനേജ് ചെയ്തത് എന്നൊക്കെ ഞാൻ പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് എന്റെ പ്രസംഗം മാദ്ധ്യമങ്ങളിൽ വന്നപ്പോൾ നല്ല ഭരണാധികാരിയാണ് എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെടുകയും എനിക്കെതിരായി ഡൽഹിയിൽ പ്രചാരണം നടത്തുകയും ചെയ്തു'

'ഇങ്ങനെ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ് 2019ൽ സീറ്റ് നിഷേധിക്കപ്പെടുന്നത്. സീറ്റ് കിട്ടിയില്ല എന്നതിനപ്പുറത്ത്, എന്നോട് ഒന്നും പറഞ്ഞില്ല. മുൻകൂട്ടി ഒന്നും അറിയിച്ചില്ല. അറിയിക്കാമായിരുന്നു എന്ന ദുഖം എന്നെ അലട്ടിയിരുന്നു. അവിടുന്നാണ് ഞാൻ കോൺഗ്രസിൽ നിന്ന് കൂടുതൽ കൂടുതൽ അകന്ന് പോകുന്നത്. അന്നത്തെ നേതാക്കന്മാരായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എന്നോട് പറഞ്ഞത്, മാഷില്ലാതെ എന്ത് എറണാകുളം എന്നാണ്. എന്നാൽ പിന്നീട് ഇവർ എല്ലാം ഒരു ഗ്രൂപ്പായി, കെസി വേണുഗോപാൽ അടക്കമുള്ള രാഹുലിന്റെ അടുത്ത സുഹൃത്തുക്കൾ ഇടപെട്ടാണ് എനിക്ക് സീറ്റ് നിഷേധിക്കുന്നത്'- കെവി തോമസ് പറഞ്ഞു.

Advertisement
Advertisement