കെ.എസ്.ആർ.ടി.സി സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്  മൂന്നിടത്ത് സൗകര്യമൊരുക്കും

Sunday 12 May 2024 12:57 AM IST

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച അനിശ്ചിതത്ത്വങ്ങൾ തുടരുന്നതിനിടെ കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ കരാറിനെടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടൊരുക്കാൻ മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ വിവിധ ഡിപ്പോകളുടെ സമീപത്ത് കിടക്കുന്ന സ്ഥലങ്ങളാണ് ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലേറ്റെടുക്കുക. നിലവിൽ മൂന്നിടങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റ് പ്ലാറ്റ് ഫോം എം.വി.ഡി ഒരുക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.

തേവര, പറവൂർ, അങ്കമാലി എന്നീ ഡിപ്പോകളിലെ സ്ഥലങ്ങളാണ് ലഭ്യമാക്കുക. യാർഡിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളാണ് പരിഗണിക്കുക. 10 സെന്റ് വീതം സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഏകദേശം പൂർത്തിയായി. ഹ്രസ്വകാല കരാർ നിലവിൽ വന്നാൽ രണ്ടു മാസത്തിനകം ആധുനിക ടെസ്റ്റ് ഗ്രൗണ്ടൊരുക്കും.


പണം സർക്കാർ

അനുവദിക്കണം

കരാർ സംബന്ധിച്ച് ആശങ്കയില്ലെങ്കിലും ആധുനിക രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്നതിനുള്ള ഫണ്ട് സർക്കാർ നൽകണമെന്നതാണ് വലിയ കടമ്പ. പണം ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കാനാകൂ. അതിന്റെ ലഭ്യത സംബന്ധിച്ച് ജില്ലയിലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല.

അടുത്ത ഘട്ടത്തിൽ കൂടുതൽ ഡിപ്പോകളിൽ ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്നതും പരിഗണനയിലാണ്. ആദ്യഘട്ടത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.


 കാത്തിരിക്കുന്നത് 10,000 പേർ


എറണാകുളം ആർ.ടി.ഒ.യ്ക്കു കീഴിൽ നിലവിൽ ദിവസേന 80 മുതൽ 120 ടെസ്റ്റുകളാണ് നടന്നിരുന്നത്. ഇത്രയും ടെസ്റ്റുകൾ നടന്നിട്ടുപോലും ലേണേഴ്സ് വിജയിച്ചവർക്ക് രണ്ടോ, മൂന്നോ മാസം കഴിഞ്ഞാണ് ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിക്കുന്നത്. എറണാകുളം ആർ.ടി. ഓഫീസിൽ മാത്രം പതിനായിരത്തോളം പേരാണ് കാത്തിരിക്കുന്നത്. പരിഷ്‌കരണം നടപ്പാക്കുന്നതോടെ ഇവർ ടെസ്റ്റിന് ഒരു വർഷമെങ്കിലും കാത്തിരിക്കണം. ഇതിന് പരിഹാരമായാണ് കൂടുതൽ ഗ്രൗണ്ടുകൾ ഒരുക്കുന്നത്.

Advertisement
Advertisement