18 പൊലീസ് ജില്ലകളിൽ വനിത ഇൻസ്പെക്ടർ ഇല്ലാതാവുന്നു

Sunday 12 May 2024 1:30 AM IST

കൂട്ടത്തോടെ പടിയിറക്കം വനിതാസെൽ അവതാളത്തിൽ

തൃശൂർ: സംസ്ഥാനത്ത് വനിത പൊലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ വിരമിക്കുന്നു. വനിത എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകിയില്ലെങ്കിൽ മേയ് 31നുശേഷം ഉണ്ടാവുക ആറു വനിത ഇൻസ്പെക്ടർമാർ മാത്രം. സ്ത്രീസൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ വനിത ഡിവൈ.എസ്.പിമാർ ഒരാൾപോലുമില്ല. ഡിവൈ.എസ്.പി തസ്തികയിലേക്ക് അർഹതയുള്ള വനിത സി.ഐക്ക് ഉടൻ സ്ഥാനക്കയറ്റം നൽകിയാലും അവരും ഈ മാസം വിരമിക്കും.

24 പൊലീസ് ജില്ലകളിൽ ഇൻസ്‌പെക്ടർ പദവിയിൽ 27 പേരാണുള്ളത്. 21 പേരും മേയ് 31നു വിരമിക്കും. കോട്ടയം, കോഴിക്കോട് സിറ്റി, തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ മാത്രമാവും വനിത ഇൻസ്പെക്ടർമാർ ശേഷിക്കുക. 27 ഇൻസ്‌പെക്ടർമാരിൽ അഞ്ചു പേർക്ക് ജനുവരിയിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇതിൽ രണ്ടുപേരും വിരമിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

2024 ഡിസംബറോടെ ആറു പേരിൽ മൂന്നു പേർ കൂടി വിരമിക്കും. ഭൂരിഭാഗം വനിത ഇൻസ്പെക്ടർമാരുടെയും പ്രവർത്തനം വനിതാസെല്ലിലാണ്. വനിതാസെല്ലിന്റെ പ്രവർത്തനംതന്നെ നിറുത്താനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായി ആക്ഷേപമുണ്ട്. വനിതാസെൽ ഡിവൈ.എസ്.പി കഴിഞ്ഞ മാസം വിരമിച്ചിരുന്നു. എസ്.പി സുനിഷ്കുമാർ ഈ മാസം വിരമിക്കും. പൊലീസ് സ്റ്റേഷനുകളിൽ വനിത സിവിൽ പൊലീസ് ഓഫീസർമാർ ആവശ്യത്തിനില്ലാത്ത സാഹചര്യവുമുണ്ട്. ഒരു വനിത സി.പി.ഒ മാത്രമുള്ള സ്റ്റേഷനുകളും നിരവധിയാണ്. വനിതാപൊലീസിന് നിലവിൽ ഏറ്റവും ഉയർന്ന റാങ്ക് ഡിവൈ.എസ്.പിയാണ്. ഇതുവരെ നാലു വനിതകളാണ് ഡിവൈ.എസ്.പിയായത്.

വിരമിക്കുന്നത് 91- 95ലുള്ളവർ

ആദ്യമായി വനിതാപൊലീസ് റിക്രൂട്ട്‌മെന്റ് പി.എസ്.സി വഴി നടന്നത് 1991ലാണ്. 247 പേർക്കായിരുന്നു നിയമനം. 95 വരെയുള്ള കാലയളവിൽ 10 പേരെക്കൂടി നിയമിച്ചു. 91ലെ ആദ്യ ലിസ്റ്റിൽ മേയ് 31 കഴിഞ്ഞാൽ സർവീസിലുണ്ടാവുക മൂന്നു പേർ മാത്രം. വിരമിക്കുന്ന 21ഇൻസ്പെക്ടർമാരിൽ 18 പേരും 91- 95 കാലയളവിലുള്ളവരാണ്.

Advertisement
Advertisement