തേങ്ങ ഉത്‌പാദനം പകുതിയായി കുറഞ്ഞു: ദുരിതത്തിലായി കർഷകർ

Sunday 12 May 2024 1:54 AM IST
ചിറ്റൂരിലെ കർഷകരിൽ നിന്ന് നാളികേരം ശേഖരിക്കുന്ന വ്യാപാരികൾ നാളികേരം വലിപ്പം നോക്കി തരം തിരിച്ച് എണ്ണി മാറ്റുന്നു.

ചിറ്റൂർ: വേനൽ ചൂടിൽ നൂറുകണക്കിനു തെങ്ങുകൾ ഉണങ്ങി നശിച്ചപ്പോൾ,​ അവശേഷിച്ച തെങ്ങുകളിൽ ഉത്‌പാദനം കുത്തനെ കുറഞ്ഞു. ഉത്പാദനം കുറഞ്ഞിട്ടും കിട്ടിയ നാളികേരത്തിനെങ്കിലും മാന്യമായ വില ലഭിക്കുമെന്ന് കരുതിയിരുന്ന കർഷകർക്ക് തിരിച്ചടിയായി നാളികേരത്തിന് വിലയിടിയുകയും ചെയ്തു. നാളികേരം ഒന്നിന് വില 12 രൂപയിൽ നിൽക്കുന്നു. പാലക്കാടിലെ നാളികേര സീസൺ കഴിയാറായപ്പോഴാണ് കഠിനമായ വേനൽ ചൂടും ഉയർന്ന താപനിലയും തുലാവർഷത്തിന്റെ കുറവും അനുഭവപ്പെട്ടത്. കുഴൽ കിണറിൽ നിന്ന് ജലസേചനം നടത്തുന്ന തോട്ടങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും വിളവ് ലഭിക്കുന്നത്. ജില്ലയിൽ പ്രത്യകിച്ച് ചിറ്റൂർ മേഖലയിലാണ് കേര കർഷകർ ഏറെ പ്രതിസന്ധി കൂടുതലുള്ളത്. ദുരിതാവസ്ഥ മറികടക്കാൻ കൃഷിനാശം സംബന്ധിച്ച് കൃത്യമായ പരിശോധനയും വിലയിരുത്തലും നടത്തി കർഷകന് തക്കതായ ആശ്വാസ നടപടികളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് കർഷകർ സർക്കാറിനോട് ആവശ്യപ്പെട്ടു.

 ഉണങ്ങിയതും വാടിയതുമായ തെങ്ങോലകൾ ഏതു സമയത്തും വീഴാമെന്നതിനാൽ തെങ്ങുകയറ്റക്കാർ ഇത്തരം തെങ്ങുകളിൽ കയറാൻ തയ്യാറാവാത്ത സ്ഥിതിയും ഉണ്ട്.

 75 വർഷത്തെ വിളയാണ് തെങ്ങ് കൃഷി. അത് 25 വർഷത്തിൽ ഉണങ്ങിനശിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ലെന്ന് കർഷകർ സാക്ഷ്യപെടുത്തുന്നു.

 പുതിയ തെങ്ങിൻ തൈ നട്ടുവളർത്തി കായ്‌ഫലം ലഭിക്കാൻ 8 വർഷമെങ്കിലും കാത്തിരിക്കണം. ഈ ഇടവേളയിൽ വരുമാനം ഇല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കർഷകനും കുടുംബവും നേരിടേണ്ടി വരുന്നത്.

പച്ച തേങ്ങ സംഭരിക്കുന്നതിന്റെ ഗുണമൊന്നും കർഷകർക്ക് ലഭിക്കാറില്ല എന്ന പരാതിയും നിലവിലുണ്ട്.

വലിപ്പവും വിലയെ ബാധിച്ചു

വെള്ളത്തിന്റെയും മഴയുടെയും കുറവ് നാളികേരത്തിന്റെ വലിപ്പത്തേയും ബാധിച്ചു. ഇത് വ്യാപാരികൾ ചൂഷണം ചെയ്യുകയായിരുന്നു. നാളികേരം ചെറുതും വലുതുമായി തരം തിരിക്കലിൽ ചെറുതിന്റെ എണ്ണം പതിവിലും കൂടി. ആയിരം നാളികേരത്തിൽ 200 എണ്ണമെങ്കിലും ചെറിയ നാളികേരം എന്ന പേരിൽ മാറ്റും. ഇതിന്റെ വില 6 (പാതി ) രൂപ വീതമാണ് കർഷകനു ലഭിക്കുക.

Advertisement
Advertisement