 120 കുടുംബങ്ങൾ അശങ്കയിൽ വീടുവിട്ടിറങ്ങണം, 14 ദിവസത്തിനകം!

Sunday 12 May 2024 1:59 AM IST

കൊച്ചി: ''ഒരായുഷ്ക്കാലം സമ്പാദിച്ചത് ഉപേക്ഷിച്ച് 25 നകം വീടുവിട്ടിറങ്ങണമെന്ന് കഴിഞ്ഞ ദിവസമാണ് നിർദ്ദേശം ലഭിച്ചത്. വളരെ തുച്ഛമായ തുകയാണ് സ്ഥലമേറ്റെടുപ്പിനായി നൽകുന്നത്. എവിടേക്ക് പോകാനാണെന്ന് അറിയില്ല..."" കുമ്പളം - തുറവൂർ റെയിൽപാത ഇരട്ടിപ്പിക്കലിനായി കുടിയൊഴിക്കപ്പെടുന്ന അരൂർ നിവാസികളുടെ വാക്കുകളിൽ ആശങ്കമാത്രം.

പാതയിരട്ടിപ്പിക്കൽ പ്രഖ്യാപനത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അടുത്തിടെയാണ് അനക്കമുണ്ടായത്. നിലവിലെ പാതയ്ക്ക് പടിഞ്ഞാറ് വശത്തായി പുതിയ ട്രാക്ക് നിർമ്മിക്കും. സ്ഥലമെടുക്കുമ്പോൾ ഭൂമിവിലയുടെ ഇരട്ടിയും വീടൊഴിയുന്നത് പത്ത് ശതമാനം തുകയും മറ്റുമായിരുന്നു വാഗ്ദാനം. 2023ലെ ഭൂമിവിലയിട്ടാണ് സ്ഥലം ഏറ്റെടുത്തത്. എന്നാൽ നിലവിൽ സ്ഥലവിലയിലുണ്ടായ മാറ്റം മൂലം മറ്റൊരു സ്ഥലം വാങ്ങാനും വീടുവയ്ക്കാനും തുക തികയില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക.

""ഞങ്ങളാരും വികസനത്തിന് എതിരല്ല. മാന്യമായ തുക ലഭിക്കണമെന്നാണ് ആവശ്യം."" അസോസിയേഷൻ ഒഫ് റെയിൽ ഡബിളിംഗ് അഫക്ടേഴ്സ് കൺവീനർ എ.പി. രാജപ്പന്റെ വാക്കുകളിലുണ്ട് പ്രതീക്ഷമങ്ങിയ കുടുംബങ്ങളുടെ അവസ്ഥ.

കഴിഞ്ഞ ജനുവരിയിലാണ് കുടുംബങ്ങൾ പ്രമാണങ്ങൾ ആലപ്പുഴ എ.ഡി.എമ്മിന് കൈമാറിയത്. ഓരോരുത്തർക്കും എത്ര തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

ആലപ്പുഴ എം.പി, എം.എൽ.എ, റെയിൽവേയുടെ എറണാകുളം റീജിയണൽ ഓഫീസർ എന്നിവരെ വിഷയം ധരിപ്പിച്ചിരുന്നു. എം.പി റെയിൽവേ സെക്രട്ടറിയെ കണ്ട് പരാതി കൈമാറി. ന്യായമായ ഇടപെടൽ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. ഇന്ന് യോഗം ച‌േ‌‌ർന്ന് തുടർനീക്കങ്ങൾ അസോസിയേഷൻ ഒഫ് റെയിൽ ഡബിളിംഗ് അഫക്ടേഴ്സ് തീരുമാനിക്കും.

പ്രതിഷേധിക്കാൻ പോലും ഭയമാണ്. റെയിൽവേ കേസുകൊടുക്കുമെന്നാണ് പേടി. കേരളത്തിന് പുറത്തെല്ലാമാണ് അവർ കേസുകൊടുക്കുക. അധികൃതർ കൈയൊഴിയരുത്."" എ.പി. രാജപ്പൻ

കൺവീനർ

അസോസിയേഷൻ ഒഫ് റെയിൽ ഡബിളിംഗ് അഫക്ടേഴ്സ്

30 പേർക്ക് നോട്ടീസ്;

നഷ്ടപരിഹാരം തുച്ഛം

ഒഴിപ്പിക്കുന്ന 120 കുടുംബങ്ങളിൽ 30 പേർക്ക് റവന്യൂ വകുപ്പിൽ നിന്ന് വാക്കാൻ നിർദ്ദേശം ലഭിച്ചു. നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷയെങ്കിലും റെയിൽവേയിൽ അക്കൗണ്ടിലെത്തിയത് തുച്ഛമായ സംഖ്യ മാത്രം.

 കുടിയൊപ്പിക്കപ്പെടുന്നവരുടെ ആവശ്യങ്ങൾ

 മാന്യമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കണം

 20 അടി ഉയരത്തിൽ മണ്ണിട്ടാണ് പാത നിർമ്മിക്കുന്നത്. ഇതോടെ പ്രദേശത്തേക്ക് വഴിയില്ലാതെയാകും. പകരം പാതയൊരുക്കണം

ഏറ്റെടുത്ത ഭൂമിയിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവാത്ത സ്ഥലവും ഏറ്റെടുക്കണം.

 തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ

അമ്പലപ്പുഴ മുതൽ എറണാകുളം വരെ 70 കിലോ മീറ്ററാണ് പാത ഇരട്ടിപ്പിക്കുന്നത്. അരൂർ– കുമ്പളം ഭാഗത്തു 16 കിലോമീറ്റർ നീളത്തിലാണു റെയിൽപാതയുള്ളത്. സ്ഥലത്തിന്റെ മൂല്യവും അതിനൊപ്പം 12 ശതമാനം നഷ്ടപരിഹാരവും ചേർത്താകും ഭൂവുടമകൾക്കു നൽകുക. കൂടുതൽ കൈവശക്കാരുള്ളതിനാൽ അരൂർ വില്ലേജിനെ രണ്ടു റീച്ചുകളായി തിരിച്ചാണു ഭൂമിയേറ്റെടുക്കുന്നത്.

Advertisement
Advertisement