വർഷങ്ങൾക്കുശേഷം ഓർമ്മകളുമായി പെൺപട

Sunday 12 May 2024 12:35 AM IST
175 വർഷം പിന്നിട്ട കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർഥിയുടെ ഒത്തുചേരൽ ചടങ്ങായ നെല്ലിമര തണലിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മേയർ ബീനാ ഫിലിപ്പ് പൂർവ വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു.

കോഴിക്കോട്: ഓർമ്മകൾക്ക് പുതുജീവൻ നൽകി ബാല്യത്തിന്റെ പടവുകൾ കയറിയ കലാലയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയത് 7000 ത്തിലധികം പെൺപട. ബി.ഇ.എം സ്കൂളിൽ നടന്ന 'നെല്ലിമര തണലിൽ' 175-ാം വാർഷികാഘോഷവും പൂർവവിദ്യാർത്ഥി സംഗമവും ഏറെ കൗതുകമായി. 1970 മുതലുള്ള വിദ്യാർത്ഥികളാണ് സ്കൂളിൽ ഒത്തു ചേർന്നത്.

പഠിച്ചിറങ്ങിയശേഷം ആദ്യമായാണ് പലരും വിദ്യാലയ മുറ്റത്ത് വീണ്ടുമെത്തുന്നത്. പിന്നിട്ട വഴികളിൽ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന ഓർമ്മകൾ വീണ്ടും പങ്കുവെച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ സ്കൂളും പരിസരവും നിറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. വേനലിന്റെ കാഠിന്യത്തിലും പഴയ കൂട്ടുകാരെയും കലാലയത്തെയും കാണാനായി പ്രായാധിക്യം പോലും മറന്ന് നിരവധി പേരാണ് എത്തിയത്. ഒരായിരം കഥകളുടെ തിരക്കിലായിരുന്നു ചിലരെങ്കിൽ മറ്റു ചിലർ വർഷങ്ങൾക്കുശേഷം ഓർമ്മകൾ പകർത്തുന്നതിന്റെ തിരക്കിലായിരുന്നു. കുഞ്ഞുടുപ്പും പാവാടയും അണിഞ്ഞെത്തിയ അതേ ക്ലാസ് മുറികളിൽ എത്തിയാണ് അവർ കഴിഞ്ഞുപോയ തങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും ഓർത്തെടുത്തത്. വൈകിട്ട് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement