ഡെങ്കിപ്പനി വ്യാപന സാധ്യത; ഞായറാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കാൻ നിർദേശം

Sunday 12 May 2024 12:37 AM IST
കൊതുക്

തിരുവമ്പാടി : മലയോര മേഖലയിൽ ഇടമഴ പെയ്തതതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ. വി. പ്രിയയും അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. ഉറവിട നശീകരണമാണ് ഡെങ്കി/ ചിക്കുന്‍ഗുനിയ/ വെസ്റ്റ് നൈൽ / സിക പനികളെ തടയാനുള്ള പ്രധാന മാര്‍ഗം.

@ഡ്രൈ ഡേ ആചരിക്കേണ്ടത് ഇങ്ങനെ

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്.

റബ്ബര്‍ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍/ ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തി വയ്ക്കുകയോ അവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുകയോ വേണം.

വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യപ്രവര്‍ത്തകരുടെയോ ആശാവര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക.

@പനി വന്നാല്‍

ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കുക.

ക്ഷീണം മാറാനും നിര്‍ജലീകരണം ഒഴിവാക്കാനും പാനീയങ്ങള്‍ കുടിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

ചികിത്സ തേടിയ ശേഷം പൂര്‍ണമായി വിശ്രമിക്കുക.

മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ലക്ഷണങ്ങൾ

  • തലവേദന
  • പേശി, അസ്ഥി അല്ലെങ്കിൽ സന്ധി വേദന
  • ഓക്കാനം
  • ഛർദ്ദി
  • കണ്ണുകൾക്ക് പിന്നിൽ വേദന
  • വീർത്ത ഗ്രന്ഥികൾ
  • ചുണങ്ങ്
Advertisement
Advertisement