കെപിബിക്ക് അറുപതിന്റെ ചെറുപ്പം

Sunday 12 May 2024 12:39 AM IST

കൊച്ചി: പരസ്യ വിപണിയിലെ പുതുചലനങ്ങൾക്കൊപ്പം വളർന്ന പാരമ്പര്യമേറെയുള്ള സംസ്ഥാനത്തെ ആദ്യ അക്രെഡിറ്റഡ് പരസ്യ ഏജൻസിയായ കെപിബിക്ക് ഡയമണ്ട് ജൂബിലി. കേരള പബ്‌ളിസിറ്റി ബ്യൂറോ എന്ന പേരിൽ 1964 ൽ സ്ഥാപിതമായ കെപിബി ക്രിയേറ്റീവ് ഡിപ്പാർട്ട്‌മെന്റുള്ള കേരളത്തിലെ ആദ്യ പരസ്യ ഏജൻസിയാണ്. പ്രതിസന്ധികളെ നേരിട്ടും പുതുമയാർന്ന പരസ്യങ്ങളിലൂടെയും സഹോദരങ്ങളായ ടി.ഒ. കുരിയാക്കോസിന്റെയും, ടി.ഒ. ഫിലിപ്പിന്റെയും നേതൃത്വത്തിലാണ് കെപിബി ഉപഭോക്താക്കളുടെ വിശ്വാസം നേടി വിജയം വരിച്ചത്.

1973 ൽ ഐ. എൻ. എസിന്റെയും ഡയറക്ടറേറ്റ് ഒഫ് അഡ്വർടൈസിംഗ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയുടെയും അംഗീകാരം നേടി. 1984 ൽ രാജ്യത്തെ പരസ്യ മേഖലയിൽ പതിനൊന്നാം സ്ഥാനത്തെത്തി. എഴുപതുകൾ മുതൽ രൂപപ്പെട്ട പല പ്രമുഖ ലോഗോകളും കെപിബിയുടെ സംഭാവനയാണ്.
വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമുഖ ബ്രാൻഡുകൾ കെപിബിയുടെ സേവനമാണ് ഉപയോഗപ്പെടുത്തിയത്.

പബ്‌ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ നിബ്ബ് അവാർഡ്, ഫുക്ക് ക്രിയേറ്റീവ് അവാർഡ്, നിരവധി പെപ്പർ അവാർഡുകൾ, ആർ. എ. പി. എ അവാർഡ് എന്നിവയും ലഭിച്ചു.
ആറ് പതിറ്റാണ്ടായി പരസ്യ രംഗത്ത് മുൻനിരയിലുള്ള കെപിബിയുടെ ഇപ്പോഴത്തെ നേതൃത്വം രണ്ടാം തലമുറയിലെ ജെയിസൺ ഫിലിപ്പ്, ജെബിസൺ ഫിലിപ്പ് എന്നിവർക്കാണ്. കേരള പബ്‌ളിസിറ്റി ബ്യുറോ എന്ന പേരിൽ കോട്ടയം, കൊച്ചി, ചെന്നൈയിലും, കുരിയാക്കോസ് ജോസിന്റെ നേതൃത്വത്തിൽ കെപിബി അഡ്വർടൈ സിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിലും പ്രവർത്തിക്കുന്നു.

Advertisement
Advertisement