എണ്ണക്കമ്പനികളുടെ ലാഭം ഇടിയുന്നു

Sunday 12 May 2024 12:41 AM IST

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ മാർജിനിലെ സമ്മർദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അറ്റാദായത്തിൽ 25 മുതൽ 40 ശതമാനം വരെ ഇടിവാണുണ്ടായത്. കഴിഞ്ഞ രണ്ട് വർഷമായി രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ആഭ്യന്തര ഇന്ധന വിലയിൽ മാറ്റം വരുത്താൻ കഴിയാതിരുന്നതാണ് കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂലം നടപ്പുവർഷത്തിന്റെ തുടക്കം മുതൽ ക്രൂഡ് വില 80 ഡോളറിന് മുകളിൽ തുടരുകയാണ്. നിലവിൽ പെട്രോൾ, ഡീസൽ എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിലാണ് ഇന്ത്യൻ വിപണിയിൽ വില്ക്കുന്നതെന്ന് കമ്പനികൾ പറയുന്നു.

ഐ. ഒ. സിയുടെ ലാഭത്തിൽ 40 ശതമാനം ഇടിവ്

മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ(ഐ. ഒ. സി) അറ്റാദായം 40 ശതമാനം ഇടിവോടെ 4,837.69 കോടി രൂപയായി. പ്രവർത്തന ലാഭം 1.4 ശതമാനം കുറഞ്ഞ് 2.2 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐ. ഒ. സിയുടെ റിഫൈനിംഗ് മാർജിൻ ബാരലിന് 12.05 ഡോളറായാണ് താഴ്ന്നത്.

ഹിന്ദുസ്ഥാൻ ഓയിൽ ലാഭം താഴ്ന്നു

അവലോകന കാലയളവിൽ ഹിന്ദുസ്ഥാൻ ഓയിലിന്റെ അറ്റാദായം 25 ശതമാനം കുറഞ്ഞ് 2,709.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം ആറ് ശതമാനം കുറഞ്ഞ് 1.2 ലക്ഷം കോടിയായി. എച്ച്. പി. സി. എല്ലിന്റെ റിഫൈനിംഗ് മാർജിൻ മുൻവർഷത്തെ ബാരലിന് 14.01 ഡോളറിൽ നിന്ന് 6.95 ഡോളറായി താഴ്ന്നു.

ഭാരത് പെട്രോളിയം ലാഭമിടിഞ്ഞു

ഭാരത് പെട്രോളിയം കോർപ്പറേഷന്റെ അറ്റാദായം മാർച്ച് പാദത്തിൽ 30 ശതമാനം കുറഞ്ഞ് 4,789.57 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 6,870.47 കോടി രൂപയായിരുന്നു. മൊത്തം വിറ്റുവരവ് ഇക്കാലയളവിൽ 1.32 ലക്ഷം കോടി രൂപയിലെത്തി. റിഫൈനിംഗ് മാർജിൻ മുൻവർഷത്തെ 20.24 ഡോളറിൽ നിന്ന് 14.14 ഡോളറായി കുറഞ്ഞു.

Advertisement
Advertisement