കുഞ്ഞുപെങ്ങൾ സായ് ​ അഖിലേഷിന് പോറ്റമ്മ

Sunday 12 May 2024 1:23 AM IST

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച 24കാരൻ അഖിലേഷിന് 18കാരി സായ്ദുർഗ പോറ്റമ്മയാണ്. ഏഴുവർഷം മുമ്പ് അമ്മ ശില്പ അർബുദ ബാധിതയായപ്പോൾ തുടങ്ങിയ പരിചരണം.പെട്ടെന്ന് ദേഷ്യം വരുന്ന അഖിലേഷ് വാതിലിൽ കൈയിടിച്ച് സ്വയം വേദനിപ്പിക്കും. അമ്മയ്ക്കേ അവനെ നിയന്ത്രിക്കാനാവുമായിരുന്നുള്ളൂ. പക്ഷേ,​ ഇന്ന് സായ്ദുർഗ അണ്ണാ... എന്നു വിളിച്ചാൽ മതി,​ അനുസരിക്കും.

തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ ജ്യേഷ്ഠനെ പരിചരിക്കുമ്പോഴും പഠനത്തിൽ വിട്ടുവീഴ്‌ചയ്ക്കില്ല സായ്ദുർഗ. എല്ലാ വിഷയത്തിനും എ പ്ളസ് നേടിയാണ് പ്ളസ് ടു വിജയിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയാകാനാണ് മോഹം. ഓൺലൈനായി ജെ.ഇ.ഇയ്ക്ക് തയ്യാറെടുപ്പ് തുടങ്ങി.

ശില്പയുടെ സ്വദേശം തമിഴ്‌നാടാണ്. അതിനാൽ അണ്ണനെന്നും തങ്കച്ചിയെന്നുമാണ് മക്കളെ പരസ്‌പരം വിളിപ്പിക്കുന്നത്. തങ്കച്ചിയെന്ന് തിരിയാത്തതിനാൽ തങ്കമെന്നാണ് അഖിലേഷ് വിളിക്കുന്നത്.

അമ്മ ശില്പ അർബുദ ബാധിതയായപ്പോൾ എട്ടാം ക്ലാസുകാരിയായിരുന്നു സായ്. അഖിലേഷ് ദേഷ്യപ്പെട്ടാലും 'പോട്ടെ അണ്ണനല്ലേ " എന്ന് പറയും. ചിത്രരചനയിൽ കഴിവുണ്ടെങ്കിലും ക്ലാസിന് പോകാൻ അഖിലേഷിന് മടിയായിരുന്നു. അനുജത്തി അണ്ണന് കൂട്ട് പോയി. അവന് ഭക്ഷണവും മരുന്നും നൽകി. കീബോർഡ് ക്ലാസിലും ഒപ്പം ചെന്നു.

കാർമ്മൽ സ്കൂൾ വിദ്യാർത്ഥിയായിരുന്ന സായിക്ക് പ്ളസ് ടു കമ്പ്യൂട്ടർ സയൻസിൽ 99 ശതമാനം മാർക്കുണ്ട്. ആറ് വിഷയങ്ങളിൽ അഞ്ചെണ്ണത്തിനും മുഴുവൻ മാ‌ർക്കാണ്. അച്ഛൻ രാമനാഥൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ.

അഖിലേഷിന് നാല് ഭാഷകൾ വശം

രണ്ടരവയസുള്ള കുഞ്ഞിന് ചില ശബ്ദങ്ങൾ കേൾക്കാതായതോടെ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റിനെ കാണിച്ചപ്പോഴാണ് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞത്. ജഗതി ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസുവരെ അഖിലേഷിന്റെ പഠനം. പാൽക്കുളങ്ങര എൻ.എസ്.എസ് എച്ച്.എസ്.എസിൽ നിന്ന് കൊമേഴ്സിൽ വിജയിച്ചു. ഭാഷ പഠിച്ചെടുക്കാൻ മിടുക്കനാണ്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം എന്നിവ ടി.വിയും യുട്യൂബും കണ്ട് പഠിച്ചെടുത്തു. യൂണിവേഴ്സിറ്റി കോളേജിൽ ബി.എ പെ‌ർഫോമിംഗ് ആർട്ട്സ് കഴിഞ്ഞു. പഠിക്കാൻ ഇഷ്ടമുള്ളതിനാൽ ബഹളമുണ്ടാക്കാതെ ക്ലാസിലിരിക്കും. കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലും പഠിക്കുന്നുണ്ട്.

Advertisement
Advertisement